121

Powered By Blogger

Saturday, 28 March 2015

വനിതാ എം.എല്‍.എമാരുടെ പരാതി: ഡി.ജി.പിയുടെ നിയമോപദേശം ശുദ്ധ വിവരക്കേടെന്ന്‌ പിണറായി









Story Dated: Saturday, March 28, 2015 07:25



mangalam malayalam online newspaper

തിരുവനന്തപുരം: നിയമസഭയിലെ അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ പ്രത്യേകം കേസെടുക്കേണ്ടന്ന്‌ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്റെ (ഡി.ജി.പി) നിയമോപദേശം ശുദ്ധ വിവരക്കേടെന്ന്‌ സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍. ഡി.ജി.പി ടി. ആസിഫലിയുടെ നിയമോപദേശം നിയമപരമല്ലെന്നും പിണറായി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പിണറായി വിമര്‍ശനം ഉന്നയിച്ചത്‌.


യു.ഡി.എഫ്‌ എം.എല്‍.എമാരെ കേസില്‍നിന്നു രക്ഷിക്കാന്‍ പരിഹാസ്യമായ നിയമോപദേശം നല്‍കുന്നതിനു മുന്‍പ്‌, 2005നു ശേഷവും സുപ്രിം കോടതിയും കേസുകളും ഇവിടെ ഉണ്ടായിരുന്നു എന്ന്‌ ഓര്‍ക്കാത്തതുമൂലമുള്ള കുഴപ്പമാണിതെന്ന്‌ പിണറായി പറഞ്ഞു. ഒരേ സ്‌ഥലത്ത്‌ ഒന്നിലേറെ കുറ്റകൃത്യം നടന്നാല്‍ ഒരു എഫ്‌.ഐ.ആര്‍ മാത്രമേ പാടുള്ളൂ എന്നു ഏതു നിയമത്തിലാണ്‌ പറയുന്നത്‌? നിയമസഭയില്‍ വനിതകള്‍ക്കു നേരെ നടന്ന കുറ്റകൃത്യത്തെ നിയമത്തിനു മുന്നില്‍ നിന്ന്‌ മറച്ചുവെക്കാനുള്ള മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും യു.ഡി.എഫ്‌ എം.എല്‍.എമാരുടെയും ശ്രമത്തിന്‌ കുടപിടിക്കുകയാണ്‌ ആസിഫലി ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.


നിയമം നിയമത്തിന്റെ വഴിക്കാണ്‌, ക്രിമിനലുകളുടെ വഴിക്കല്ല പോകേണ്ടത്‌. അതുകൊണ്ട്‌, തെറ്റായ നിയമോപദേശം തള്ളി, നിയമസഭയില്‍ വനിതാ അംഗങ്ങളെ അതിക്രമിച്ച പരാതിയില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു പിണറായി ആവശ്യപ്പെട്ടു. വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രത്യേക കേസെടുക്കേണ്ടതില്ലെന്നും സ്‌പീക്കറുടെ ഡയസ്‌ തകര്‍ത്ത കേസിനൊപ്പം ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതിയെന്നുമാണ്‌ ഡി.ജി.പി നിയമോപദേശം നല്‍കിയത്‌.


സ്‌ത്രീകളെ ആക്രമിച്ച കേസുകളില്‍ ഇത്തരം ഹീനമായ നിലപാട്‌ ഈ സര്‍ക്കാരിന്റെ പതിവായി മാറിയിട്ടുണ്ട്‌. ഇത്‌ അപകടകരമായ കളിയാണ്‌ എന്നു മനസിലാക്കിയാല്‍ നന്നെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT