121

Powered By Blogger

Saturday, 28 March 2015

ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തും








ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തും


പി.പി. ശശീന്ദ്രന്‍


Posted on: 29 Mar 2015


ദുബായ്: കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രി ദുബായിലെത്തും. മൂന്ന് ദിവസം അദ്ദേഹം ഇവിടെ ഉണ്ടാവും. തിങ്കളാഴ്ച ദുബായില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തുന്ന മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രസംഗിക്കുന്നുമുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദുബായില്‍ നടക്കും. യു.എ.ഇ. ഗവണ്മെന്റിന്റെ സാമ്പത്തിക വകുപ്പാണ് നിക്ഷേപസംഗമം സംഘടിപ്പിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും ക്ഷണിതാവായി സമ്മേളനത്തിനെത്തുന്നുണ്ട്. ഇന്ത്യയില്‍നിന്ന് വേറെയും പ്രതിനിധികള്‍ എത്തുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളിലുള്ള അന്തിമപട്ടിക ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തയ്യാറായി വരുന്നു.

സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദേശനിക്ഷേപം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ലോകത്തിലെ പ്രമുഖ നിക്ഷേപസംഗമമാണ് ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും സാമ്പത്തിക-വ്യാവസായിക പ്രമുഖരും പ്രഭാഷകരും ഇതില്‍ സംബന്ധിക്കും. കേരളത്തിലെ നിക്ഷേപസാധ്യതകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമായാണ് ഈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിക്കുള്ള ക്ഷണത്തെ പ്രവാസി സമൂഹം കാണുന്നത്.


ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ റാഷിദ് ഹാളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംഗമം ആരംഭിക്കും. പതിനൊന്നിനാണ് ഉദ്ഘാടന ച്ചടങ്ങ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംബന്ധിക്കും.


തുടര്‍ന്ന് വിവിധരാജ്യങ്ങളിലെ മന്ത്രിമാരുടെ പ്രത്യേക സമ്മേളനം നടക്കും. വിവിധ രാജ്യങ്ങളുമായും കമ്പനികളുമായുള്ള കരാറുകള്‍ക്കും സംഗമത്തില്‍ ഒപ്പുവെക്കും. 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.


ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് കേരളത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. തിങ്കളാഴ്ചയാണ് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം. കുടുംബസമേതം എത്തുന്ന മുഖ്യമന്ത്രി ഏപ്രില്‍ രണ്ടിന് വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങുമെന്നാണ് സൂചന. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.












from kerala news edited

via IFTTT