121

Powered By Blogger

Saturday, 28 March 2015

ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌








ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌


പി.പി. ശശീന്ദ്രന്‍


Posted on: 29 Mar 2015






ദുബായ്: ലോകപ്രശസ്തമായ ദുബായ് വേള്‍ഡ് കപ്പ് ഇത്തവണ ദുബായ് കിരീടാവകാശിയുടെ കുതിരയ്ക്ക്. ഒരു കോടി ഡോളര്‍ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവുംവലിയ സമ്മാനമായ ദുബായ് വേള്‍ഡ് കപ്പ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ പ്രിന്‍സ് ബിഷപ്പ് എന്ന കുതിരയാണ് കുതിച്ചെത്തി കരസ്ഥമാക്കിയത്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടന്ന ആവേശപ്പോരാട്ടത്തില്‍ നിലവിലുള്ള ചാമ്പ്യന്‍ കുതിരയായ ആഫ്രിക്കന്‍ സ്‌റ്റോറി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടായിരം മീറ്ററിന്റെ 'ഡെര്‍ട്ട് റേസില്‍' രണ്ട് മിനിറ്റും മൂന്ന് സെക്കന്‍ഡും കൊണ്ടാണ് പ്രിന്‍സ് ബിഷപ്പ് ഫിനിഷ് ചെയ്തത്. യു.എ.ഇയുടെ വിഖ്യാതനായ സായിദ് ബിന്‍ സുറൂര്‍ ആണ് പ്രിന്‍സ് ബിഷപ്പിന്റെ പരിശീലകന്‍. വില്ല്യം ബിക്ക് ആയിരുന്നു ജോക്കി. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സ്വന്തമായ ഗൊഡോള്‍ഫിന്‍ സംഘത്തിലെ കുതിരയാണ് ആഫ്രിക്കന്‍ സ്‌റ്റോറി.





കാലിഫോര്‍ണിയ ക്രോം രണ്ടാംസ്ഥാനത്തും ലിയ മൂന്നാം സ്ഥാനത്തും എത്തി. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്റെ കുതിര ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോള്‍ വന്‍ഹര്‍ഷാരവങ്ങളോടെയാണ് സ്‌റ്റേഡിയം വിജയം ആഘോഷിച്ചത്. സന്തോഷത്താല്‍ ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാനെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. പിതാവില്‍നിന്ന് മകനിലേക്ക് ചാമ്പ്യന്‍കിരീടം കൈമാറുന്നതിന് മെയ്ദാനിലെ ജനാവലി സാക്ഷ്യംവഹിച്ചു.

ആവേശംതുടിച്ചുനിന്ന മെയ്ദാനിലെ റെയ്‌സ് കോഴ്‌സില്‍ ഓരോ മത്സരത്തിനും അണിനിരന്നത് ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളായിരുന്നു. ലോകപ്രശസ്തരായ ജോക്കികളും പരിശീലകരുംകൂടി അണിനിരന്നതോടെ ലോകത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകകളുള്ള ദുബായ് വേള്‍ഡ് കപ്പിലെ ഓരോ മത്സരങ്ങളും അത്യന്തം ആവേശകരമായി.


വെടിക്കെട്ടും കലാപരിപാടികളും ഉള്‍പ്പെടെയുള്ള വര്‍ണാഭമായ ചടങ്ങുകളും കൂടിയായപ്പോള്‍ ശനിയാഴ്ച രാത്രി ദുബായ് മെയ്ദാനിലേക്ക് ചുരുങ്ങിയതുപോലെയായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദും ആദ്യാവസാനം മത്സരം വീക്ഷിക്കാനുണ്ടായിരുന്നു.





ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ അദ്ദേഹം സ്വീകരിച്ചു. ശൈഖ് മുഹമ്മദിന്റെ സ്വന്തമായ ഗൊഡോള്‍ഫിന്‍ എന്ന പേരിന് കീഴിലുള്ള നിരവധി കുതിരകളും മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള രണ്ടാമത്തെ മത്സരമായ ഗൊഡോള്‍ഫിന്‍ മൈല്‍ എന്ന രണ്ടാമത്തെ റെയ്‌സ് സ്‌പോണ്‍സര്‍ ചെയ്തത് മലയാളിയും ശോഭാ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള മെയ്ദാന്‍ ശോഭയായിരുന്നു. 1,600 മീറ്റര്‍ ഡര്‍ട്ട് റെയ്‌സിലെ ജേതാക്കള്‍ക്ക് സമ്മാനം നല്‍കിയ പി.എന്‍.സി. മേനോന്‍ ചടങ്ങിലെ മലയാളി സാന്നിധ്യമായി തിളങ്ങി.

27 രാജ്യങ്ങളില്‍നിന്നുള്ള 138 മത്സരക്കുതിരകളാണ് വിവിധ ഇനങ്ങളിലായി ഇഞ്ചോടിഞ്ച് പൊരുതിയത്. വൈകിട്ട് നാലിന് ആരംഭിച്ച മത്സരങ്ങള്‍ ഒരു കോടി അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ദുബായ് വേള്‍ഡ് കപ്പിനായുള്ള ഒമ്പതാമത് റെയ്‌സോടെയാണ് അവസാനിച്ചത്. എല്ലാ മാര്‍ച്ച് മാസത്തെയും അവസാനത്തെ ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് ദുബായ് വേള്‍ഡ് കപ്പിന്റെ മത്സരം. മെയ്ദാനിലെ തിങ്ങിനിറഞ്ഞ ഗാലറികളും പവലിയനുമെല്ലാം കാത്തിരുന്നത് ഈ മല്‍സരമായിരുന്നു.


വേള്‍ഡ് കപ്പിന്റെ ഭാഗമായി നേരത്തേനടന്ന വിവിധ മത്സരങ്ങളും കൗതുകമുണര്‍ത്തി. ഇടക്കിടെയുള്ള വെടിക്കെട്ടുകളാകട്ടെ ഗാലറികള്‍ക്ക് ഹരംപകര്‍ന്നു. മത്സരത്തിന്റെ സമാപനവേളയിലും ഗംഭീരമായ വെടിക്കെട്ടുണ്ടായിരുന്നു.












from kerala news edited

via IFTTT