121

Powered By Blogger

Saturday, 28 March 2015

കക്കായിറച്ചി വിപണിയിലൂടെ കക്കാ മേഖല സമൃദ്ധിയിലേക്ക്‌











Story Dated: Sunday, March 29, 2015 01:57


വൈക്കം: പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന കക്കാ മേഖലയ്‌ക്ക്‌ ആശ്വാസം പകരുകയാണ്‌ കക്കായിറച്ചി വിപണി. ഒരു കാലത്ത്‌ കക്കായിറച്ചിയുടെ ഉപയോഗം പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന പ്രചരണം ഈ മേഖലയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമെല്ലാം കക്കായിറച്ചിയുടെ ഉപയോഗം ശരീരത്തിന്‌ ഏറെ ഗുണകരമാകുമെന്ന്‌ തെളിയിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.


ഗ്രാമീണ മേഖലകളിലായിരുന്നു കക്കായിറച്ചിയുടെ ഉപയോഗം കൂടുതലായി നടന്നിരുന്നത്‌. എന്നാല്‍ ഇന്നത്‌ വലിയ സമൂഹത്തിനിടയിലും ഇഷ്‌ടവിഭവമായി മാറിയിരിക്കുകയാണ്‌. കള്ള്‌ ഷാപ്പുകളിലും റിസോര്‍ട്ടുകളിലും വലിയ സ്‌റ്റാര്‍ ഹോട്ടലുകളിലുമെല്ലാം കക്കായിറച്ചി ഫ്രൈ ആട്ടിറച്ചിയോട്‌ കിടപിടിക്കുന്നതാണ്‌.


ഇതിന്റെ പാചകരീതിയിലാണ്‌ യഥാര്‍ത്ഥ രുചിക്കൂട്ട്‌ ഒളിച്ചിരിക്കുന്നതെന്ന്‌ മാത്രം. വൈക്കത്ത്‌ കക്കാമേഖലയുടെ ഈറ്റില്ലമായ ടി.വി പുരം പഞ്ചായത്തിലാണ്‌ കക്കായിറച്ചിയുടെ ഉല്‍പാദനം ഏറെ നടക്കുന്നത്‌. മൂത്തേടുത്തുകാവ്‌, മണ്ണത്താനം, തൃണയംകുടം, കൊതവറ, ഉദയനാപുരം പഞ്ചായത്തിലെ പനമ്പുകാട്‌, നേരേകടവ്‌ പ്രദേശങ്ങളില്‍ നിന്നാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ കക്കായിറച്ചി പോകുന്നത്‌. ഈ ഭാഗങ്ങളിലായി ഏകദേശം ആയിരത്തിലധികം കുടുംബങ്ങള്‍ ഈ തൊഴില്‍ ചെയ്‌തുജീവിക്കുന്നുണ്ട്‌.


ഇതിനു പുറമെ കക്കായിറച്ചി ചരുവത്തില്‍ ആക്കി തലചുമടായി വില്‍പന നടത്തുന്ന വീട്ടമ്മമാരും ഉണ്ട്‌.

കക്കാ വലിയ പാത്രത്തിലാക്കി അര മണിക്കൂറോളം അടുപ്പില്‍ വേവിച്ച്‌ ഇത്‌ പിന്നീട്‌ വലയില്‍ അരിച്ച്‌ കക്കയും ഇറച്ചിയും വേര്‍തിരിക്കുന്നു. ഒരു കിലോ വലിയ കക്കയിറച്ചിക്ക്‌ 60 രൂപയും ചെറുതിന്‌ 30 രൂപയും ഇവര്‍ക്ക്‌ ലഭിക്കുന്നു. എന്നാല്‍ മാര്‍ക്കറ്റുകളിലെത്തിയാല്‍ ഇതിന്‌ പൊള്ളുന്ന വിലയാണ്‌.


കള്ള്‌ ഷാപ്പുകളിലാണ്‌ ഇതിന്റെ വിഭവങ്ങള്‍ കൂടുതല്‍ ചെലവാകുന്നത്‌. ഒരു വലിയ കുട്ട കക്കാ വേവിച്ചാല്‍ അതില്‍ നിന്നും ഒരു കിലോ ഇറച്ചിയാണ്‌ ലഭിക്കുന്നത്‌. ഉപ്പ്‌ സീസണായാല്‍ കക്കായിറച്ചിയുടെ തൂക്കത്തിലും രുചിയിലും കുറവ്‌ വരുമെന്ന്‌ തൊഴിലാളികള്‍ പറയുന്നു. എന്നിരുന്നാലും ഈ പണിയിലൂടെ കിട്ടുന്ന വരുമാനത്തില്‍ ഇവര്‍ സംതൃപ്‌തരാണ്‌. കാരണം വിസ്‌മൃതിയിലേക്ക്‌ ആണ്ടിരുന്ന കക്കാ മേഖലയെ സജീവമാക്കുവാന്‍ പ്രാപ്‌തമാക്കിയത്‌ ഇറച്ചി വിപണിയാണ്‌. ആ സന്തോഷം അവരുടെ വാക്കുകളില്‍ അലതല്ലുന്നു.


പി.വി. ബിജേഷ്‌










from kerala news edited

via IFTTT