121

Powered By Blogger

Saturday, 28 March 2015

ആല്‍ത്തറമൂട്‌ ആറാട്ടു കുളത്തിന്‌ ശാപമോക്ഷം











Story Dated: Saturday, March 28, 2015 02:28


ചിറയിന്‍കീഴ്‌: ആല്‍ത്തറമൂട്‌് ആറാട്ടുകുളത്തിന്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതിയിലൂടെ ശാപമോക്ഷം. പതിറ്റാണ്ടുകളോളമായി പ്രദേശവാസികള്‍ ദേവസ്വത്തിന്റെ കനിവിനായി കാത്തിരുന്നിട്ടും നടക്കാതിരുന്നതാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടത്തിയത്‌. 50 വര്‍ഷത്തോളമായി യാതൊരു ശുചീകരണ പ്രവര്‍ത്തനവും നടക്കാത്തതു കാരണം നാശത്തിന്റെ വക്കിലായിരുന്ന കുളത്തിനാണ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതിയിലൂടെ പുതുജീവന്‍ ലഭിച്ചത്‌.


ഇതിനായി 2014-15 വര്‍ഷത്തെ വികസനഫണ്ടില്‍ നിന്ന്‌ 24 ലക്ഷം രൂപമുടക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ നടത്തിയ വികസനപ്രവര്‍ത്തനം കുളത്തിന്റെ മുഖഛായ തന്നെ മാറ്റി കുളത്തിന്‌ ചുറ്റും ചുറ്റുമതില്‍ കെട്ടി കുളത്തിലേക്കുള്ള പ്രധാന കവാടം നിര്‍മ്മിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 15 ലക്ഷം രൂപയും ശുചീകരണത്തിന്‌ 9 ലക്ഷം രൂപയുമാണ്‌ ചെലവഴിച്ചത്‌. ദേവസ്വം സ്‌പെഷ്യല്‍ റൂള്‍ പാസാക്കിയാണ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌ നവീകരണ പ്രവര്‍ത്തനത്തിന്‌ നല്‍കിയത്‌. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ കുളം കുലശേഖരം രാജകുടുംബത്തിന്റെ കീഴിലായിരുന്നു കുലശേഖര തമ്പുരാട്ടിയാണ്‌ കുളം കൊല്ലവര്‍ഷം 415 ല്‍ കുളം നിര്‍മിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ഇതിനുശേഷമാണ്‌ തിരുവിതാംകൂര്‍ ദേവസ്വം കുളം ഏറ്റെടുത്തത്‌.


ചിറയിന്‍കീഴ്‌ റെയില്‍വെ സ്‌റ്റേഷനു സമീപം സ്‌ഥിതി ചെയ്യുന്ന ആറാട്ടു കുളത്തിന്‌ രണ്ട്‌ ഏക്കര്‍ വിസ്‌തൃതിയുണ്ട്‌. പ്രദേശത്തെ മാലിന്യങ്ങള്‍ ഈ കുളത്തിലും പരിസരത്തുമായിരുന്നു നിക്ഷേപിച്ചിരുന്നത്‌. ശാര്‍ക്കര മീനഭരണി മഹോത്സവത്തിന്‌ ഗരുഡന്‍ തൂക്കക്കാര്‍ക്ക്‌ കുളിക്കാന്‍ വേണ്ടി മാത്രം ചില ശുചീകരണ പ്രവര്‍ത്തനം ദേവസ്വം അധികൃതര്‍ നടത്തിവന്നു. കുളം നവീകരിച്ചതോടെ പ്രദേശത്തെ കിണറുകളില്‍ ഉണ്ടായിരുന്ന ജലദൗര്‍ലഭ്യം ഇല്ലാതായി.










from kerala news edited

via IFTTT