121

Powered By Blogger

Saturday, 28 March 2015

ഒറ്റാല്‍ അവാര്‍ഡ് ചിത്രമല്ല









''ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല. ദേശാടനംപോലെ ഹൃദയസ്പര്‍ശിയായ കഥാന്തരീക്ഷത്തിലൂടെ ഒഴുകുന്ന സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. ഇവിടെ ഞെട്ടിക്കുന്ന ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴചേര്‍ന്നിട്ടുണ്ട്. ഏറെക്കാലത്തിനുശേഷം സാമൂഹിക പ്രസക്തിയും കലാമേന്മയും ഉള്ള ഒരു ചിനത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇതൊരു തുടക്കം മാത്രം. ഇതിലും വലിയ അംഗീകാരങ്ങള്‍ ഈ ചിത്രത്തെ തേടിവരും.''


ഈ ചിത്രത്തിന്റെ കഥ വന്ന വഴി...?

പത്ത് വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താലാണ് ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന കഥ ഞാന്‍ വായിച്ചത്. നഗരത്തില്‍ ജോലിക്ക് വന്ന കുട്ടി, അവന്റെ ദയനീയമായ ജീവിതാവസ്ഥ മുത്തച്ഛനെ കത്തിലൂടെ അറിയിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമായിരുന്നു അത്. ഒരു മുഴുനീള ചിത്രത്തിനുവേണ്ട കഥാന്തരീക്ഷം ആ ചെറുകഥയ്ക്ക് ഉണ്ടായിരുന്നില്ല. അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ആ പ്രമേയം വര്‍ഷങ്ങളോളം ഞാന്‍ മാറ്റിവെച്ചു. കഴിഞ്ഞ സപ്തംബറില്‍ ആസാമിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചിത്രം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നു. ഒരു കൊച്ചു കുട്ടി വാഴപ്പിണ്ടികള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തില്‍ രണ്ടു മൂന്ന് ആട്ടിന്‍ കുട്ടികളുമായി തുഴഞ്ഞ് പോകുന്നതായിരുന്നു ആ ചിത്രം. ആ കുട്ടിയുടെ ദൈന്യതയും വാങ്കേയും കുട്ടനാടന്‍ ഭൂപ്രകൃതിയും ചേര്‍ത്ത് വെച്ചപ്പോള്‍ 'ഒറ്റാല്‍' എന്ന ചിത്രം പിറന്നു.


ഒറ്റാലിന്റെ കഥാന്തരീക്ഷം...?




കൊയ്ത്ത് കഴിഞ്ഞ കുട്ടനാടന്‍ പാടത്ത് ആയിരക്കണക്കിന് താറാവുകളുമായി എത്തിയ കുട്ടപ്പായി എന്ന ബാലന്റെയും വല്യുപ്പയായ മുത്തച്ഛന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശിവകാശിയിലെ പടക്കക്കമ്പനിയില്‍ ജോലിക്ക് പോകുന്ന കുട്ടപ്പായിയുടെ നൊസ്റ്റാള്‍ജിയ നിറഞ്ഞചിന്തകളാണ് ചിത്രത്തെ നയിക്കുന്നത്. നൊമ്പരമുണര്‍ത്തുന്ന, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണിത്. അതില്‍ അര്‍ഥവ്യാപ്തിയുള്ള പ്രകൃതിദൃശ്യങ്ങളും സമന്വയിപ്പിച്ചപ്പോള്‍ അതൊരു മികച്ച പരിസ്ഥിതി ചലച്ചിത്രവുമായി.

ലൈവ് സൗണ്ടിലാണ് ചിത്രം ചിത്രീകരിച്ചത്. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കായിരുന്നു ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. രാവും പകലും മാറിമാറിവന്ന പ്രകൃതിയുടെ വിസ്മയങ്ങള്‍ ഒരു കഥാപാത്രത്തെപ്പോലെ ഈ ചിത്രത്തിന് ഗുണം ചെയ്തു. ചിത്രത്തിന് വേണ്ടി ഒരു ഏറുമാടം ഞങ്ങള്‍ സെറ്റിട്ടിരുന്നു. അടുത്ത ദിവസം ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോള്‍ ആയിരക്കണക്കിന് കൊറ്റികള്‍ ആ ഏറുമാടത്തില്‍ അഭയാര്‍ഥികളായി എത്തിയിരുന്നു. കായലിലെ ചുവപ്പും വെള്ളയും കലര്‍ന്ന ആമ്പല്‍പ്പൂക്കളും ദേശാടനക്കിളികളും അരയന്നങ്ങളും എല്ലാം ഞങ്ങള്‍ക്ക് കഥാപാത്രങ്ങളാക്കാന്‍ കഴിഞ്ഞു.






ചിത്രത്തിന്റെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണല്ലോ?


ഈ സിനിമ ഒരു നിയോഗംപോലെ സംഭവിച്ചതാണ്. ഈ കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം ഇങ്ങോട്ട് വരുമെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കുട്ടനാട്ടില്‍ പോയപ്പോഴാണ് മുത്തച്ഛനെ അവതരിപ്പിച്ച വാസവനെ കണ്ടുമുട്ടിയത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'പണം കിട്ടിയാല്‍ എന്തും ചെയ്യും' എന്നായിരുന്നു മറുപടി. ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ നടന്‍ അദ്ദേഹമായിരുന്നെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാകും. രാവും പകലും കായലില്‍ ജോലി ചെയ്ത വാസവന് എന്റെ കഥാപാനത്രത്തിലേക്കിറങ്ങാന്‍ പെട്ടെന്ന് കഴിഞ്ഞു. അദ്ദേഹത്തെ ഞാന്‍ അഭിനയിപ്പിച്ചില്ല. ആ പെരുമാറ്റത്തില്‍ നിന്ന് വേണ്ടത് മാത്രം ഞാന്‍ എടുത്തു. അങ്ങനെ കാരിക്കേച്ചറുപോലെ ഒത്തിരി മുഖങ്ങളുണ്ട്. ദേവലോകം ഗോപി, വാവച്ചന്‍, തോമസ്. ആന്റണി, എന്നിവര്‍ക്കൊപ്പം സബിത, ഷൈന്‍ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിലുണ്ട്.

കമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് മാത്രം മുതല്‍മുടക്കാന്‍ നിര്‍മാതാക്കളുള്ള ഈ കാലത്ത്, ഇത്തരം സിനിമ ഒരുക്കാന്‍ ഒരു പ്രൊഡ്യൂസറെ തേടേണ്ടി വന്നോ?




ഒരിക്കലുമില്ല. ഈ ചിത്രത്തിന്റെ പ്രമേയംപോലും ചര്‍ച്ച ചെയ്യാതെയാണ് നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹനനും വിനോദ് വിജയനും ഈ ചിത്രത്തിന്റ നിര്‍മാതാവായത്. ചിത്രത്തിന്റെ ടെക്‌നീഷ്യന്മാരും നടന്മാരും ഈ കൂട്ടായ്മയിലേക്ക് വന്നുചേരുകയായിരുന്നു. നേരിന്റെയും നന്മയുടെയും ശക്തിയുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റെ കരുത്ത്. സത്യമുള്ള ചിത്രമാണിത്.


നാഷണല്‍ അവാര്‍ഡില്‍ 'ഒറ്റാല്‍' ഒതുക്കപ്പെട്ടുപോയി എന്ന് തോന്നിയിരുന്നോ?


ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഞങ്ങള്‍ ഒരുക്കിയത്. ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയം. ഭരണകൂടത്തിന്റെ ഒത്താശയിലാണ് ശിവകാശിയിലെ പടക്കക്കമ്പനികള്‍ നടത്തുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അത് വലിയ കെണിയാണ്. അതില്‍ അകപ്പെട്ടാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പോകാന്‍ കഴിയില്ല. അത്തരം ലോകത്താണ് ഒറ്റാലിലെ കുട്ടപ്പായി എന്ന ബാലനും പെട്ടുപോകുന്നത്. അവന്റെ നഷ്ടമായ ജീവിതാന്തരീക്ഷത്തിന്റെ പ്രകൃതി ഭംഗിയാണ് ഞങ്ങള്‍ കാണിച്ചത്. രണ്ട് ഡയമെന്‍ഷന്‍ ഈ ചിത്രത്തിനുണ്ട്. എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണത്തിനും കാവാലത്തിന്റെ സംഗീതത്തിനും അംഗീകാരങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.









from kerala news edited

via IFTTT