Story Dated: Tuesday, February 10, 2015 10:54
ന്യൂഡല്‍ഹി: സാധാരണക്കാരുടെ പ്രതീക്ഷയും അഭിമാനവും കാത്ത് ആം ആദ്‌മി പാര്‍ട്ടി (ആപ്) ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി ചരിത്രമെഴുതി. കിരണ്‍ ബേദിയുടെ വരവും നരേന്ദ്രമോഡി-അമിത്‌ഷാ ടീമിന്റെ ശക്‌തിയും രാജ്യ തലസ്‌ഥാനത്ത് ബിജെപിയെ തുണച്ചില്ല. അതേസമയം, രാജ്യത്തെ ഏറ്റവും പാരമ്പര്യമുളള പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നിന്ന് തുടച്ചുമാറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
ആപ് നടത്തിയ മുന്നേറ്റം രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പ്രതിപക്ഷമേയില്ലാത്ത അവസ്‌ഥയുണ്ടാക്കാന്‍ മാത്രം ആപ് വളര്‍ന്നത് മധ്യവര്‍ഗത്തിനു താഴെ നില്‍ക്കുന്നവരുടെ വികാരത്തെ മറ്റുളളവരുടെ സ്വപ്‌നങ്ങളുമായി കോര്‍ത്തിണക്കാന്‍ അവരുടെ പ്രവര്‍ത്തനത്തിന് സാധിച്ചതുകൊണ്ടാണ്. രണ്ട് മുഖ്യ എതിരാളികളുടെയും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥികളെ പോലും വിജയം നുണയാന്‍ അനുവദിക്കാതെയായിരുന്നു ആപിന്റെ മുന്നേറ്റം. അതേസമയം, മഹാഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറുന്ന ആപിന് ഡല്‍ഹി ജനതയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന വലിയ ഉത്തരവാദിത്വം പാളിച്ചയില്ലാതെ നടപ്പാക്കേണ്ടതുണ്ട്. അതില്‍ സംഘടനപരമായി വലിയ കെട്ടുറപ്പില്ലാത്ത രാഷ്‌ട്രീയപരമായി പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആപിന് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡല്‍ഹിയിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചു മുന്നേറിയ ആപ് തകര്‍ത്തെറിഞ്ഞത് കോണ്‍ഗ്രസിന്റെ അടിസ്‌ഥാനമാണ്. പ്രചാരണ സമിതി തലവനും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായ അജയ് മാക്കന്‍ പോലും ഹതാശനായി മടങ്ങിയ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ പുതു നേതൃത്വത്തിനു നേരെ വിരല്‍ ചൂണ്ടുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിനോടുളള വിശ്വാസ തകര്‍ച്ച മൂലം പരമ്പതാഗത വോട്ടുകള്‍ ആപിലെത്തിച്ചേര്‍ന്നുവെന്നു തന്നെ കാണാം. കോണ്‍ഗ്രസ് നേരിട്ടത് വോട്ടു ചോര്‍ച്ചയല്ല വിശ്വാസ ചോര്‍ച്ച തന്നെയാണ്.
അതേസമയം, ആപിന്റെ അവിശ്വസനീയ മുന്നേറ്റം ഒറ്റയക്കത്തിലൊതുക്കിയ ബിജെപിക്കും കടുത്ത പരീക്ഷണകാലമാണിത്. കനത്ത തിരിച്ചടികള്‍ നേരിടുന്ന അവസരങ്ങളില്‍ പോലും മുപ്പത് സീറ്റ് എന്ന മാര്‍ക്കിന് അടുത്തെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ആപിന്റെ മുന്നേറ്റം ഇന്ത്യ ഭരിക്കുന്ന കക്ഷിയെ പിന്നോട്ടടിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് മോഡി സര്‍ക്കാരിനുളള ഒരു മുന്നറിയിപ്പായും കാണാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ന്യൂനതകള്‍ കണ്ടെത്താനും, മനസ്സിലാക്കാനും തിരുത്താനുമുളള ഒരു അവസരമാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ സാധാരണക്കാര്‍ നല്‍കുന്നത്.
from kerala news edited
via IFTTT