Story Dated: Wednesday, February 11, 2015 04:53
ന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടന്ന് ഡല്‍ഹി നിയുക്‌ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചു. ആം ആദ്‌മി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ മനീഷ് സിസോദിയയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. 14ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിഞ്‌ജാ ചടങ്ങിലേക്ക് രാജ്‌നാഥ് സിംഗിനെ ക്ഷണിക്കാനെത്തിയപ്പോഴാണ് കെജ്രിവാള്‍ തന്റെ സുരക്ഷ സംബന്ധിച്ച നിലപാട് കേന്ദ്രത്തെ അറിയിച്ചത്.
രാജ്‌നാഥ് സിംഗിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ച അര മണിക്കൂര്‍ നീണ്ടുനിന്നു. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയായപ്പോഴും കെജ്രിവാള്‍ ഇസഡ് പ്ലസ് സുരക്ഷ വേണ്ടന്നു വച്ചിരുന്നു. ഡല്‍ഹിയ്‌ക്ക് പൂര്‍ണ്ണ സംസ്‌ഥാന പദവി നല്‍കണമെന്ന് കൂടിക്കാഴ്‌ചയില്‍ കെജ്‌വരിവാള്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണ സംസ്‌ഥാന പദവി ലഭിച്ചാല്‍ മാത്രമെ സംസ്‌ഥാന പോലീസിന്റെ നിയന്ത്രണാധികാരം ഡല്‍ഹി സര്‍ക്കാരിന് ലഭിക്കൂ.
ഇന്ന് രാവിലെ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായും കെജ്രിവാള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അംഗീകാരമില്ലാത്ത കോളനികള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വെങ്കയ്യ നായിഡുവുമായുള്ള കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. ഡല്‍ഹിക്ക് സംസ്‌ഥാന പദവിയെന്ന ആവശ്യം വെങ്കയ്യ നായിഡുവുമായുള്ള ചര്‍ച്ചയിലും എ.എ.പി ആവര്‍ത്തിച്ചു. രാഷ്‌ട്രീയ ഭേദമെന്യേ ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീഷിക്കുന്നതായും എ.എ.പി നേതാക്കള്‍ പറഞ്ഞു.
കെജ്രിവാള്‍ വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തും. മോഡിയെ സത്യപ്രതിഞ്‌ജാ ചടങ്ങിലേക്ക് കെജ്രിവാള്‍ ക്ഷണിക്കും.
from kerala news edited
via IFTTT