Story Dated: Tuesday, December 23, 2014 06:31
കോതമംഗലം: ക്രിസ്‌മസ് തിരക്കിനിടെ നഗരത്തില്‍ റോഡ് ടാറിംഗും. വിദ്യാഭ്യാസ സ്‌ഥാപനങ്ങളും മറ്റും അടച്ചശേഷമുള്ള ക്രിസ്‌മസ് സീസണിലെ ആദ്യ ദിനമായ ഇന്നലെ തന്നെയാണ് നഗരത്തില്‍ മിനുക്കല്‍ പണി നടത്താന്‍ പി.ഡബ്ല്യൂ.ഡി. അധികൃതരും കരാറുകാരും എത്തിയത്. ടൗണില്‍ ഏറ്റവും തിരക്കേറിയ പ്രൈവറ്റ് ബസ്‌റ്റാന്റിനു മുന്‍വശത്തു നിന്നു തന്നെ റീടാറിംഗ് ആരംഭിച്ചതോടെ ഒരു വശത്തുകൂടിതന്നെ വാഹനങ്ങള്‍ പോകാന്‍ ബുദ്ധിമുട്ടായി. നഗരം ഇതോടെ ഗതാഗതക്കുരുക്കിലായി. പോലീസ് എത്തിയെങ്കിലും ബൈപാസ് വഴി തിരിച്ചു വിടാന്‍ ശ്രമം ഉണ്ടായില്ല. പിന്നീട് ഏറെ താമസിച്ചാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത്. എങ്കിലും ടൗണ്‍ ഗതാഗതക്കുരുക്കില്‍ത്തന്നെയായിരുന്നു.
തിരക്കുള്ളതും വീതി കുറഞ്ഞതുമായ റോഡുകളുള്ളയിടങ്ങളില്‍ രാത്രികാലത്തോ പൊതു അവധി ദിവസങ്ങളിലോ ആണ് ടാറിംഗ് നടത്താറ്. എന്നാല്‍ കരാറുകാരന് അമിത ലാഭമുണ്ടാക്കാന്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നതിനാലാണ് ഇതെന്നാണ് ആരോപണം. പൊതുമരാമത്ത്, പോലീസ് അധികൃതര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ക്രിസ്‌മസിന് രണ്ടു ദിവസം മാത്രം അവശേഷിക്കേ വ്യാപാരം മോശമാകാന്‍ ഇത് കാരണമാകുന്നതായി ഇവര്‍ പറയുന്നു.
നഗരത്തില്‍ ഗതാഗത സ്‌തംഭനം ഉണ്ടാകുന്ന പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വ്യാപാരി വ്യവസായി പ്രതിനിധികളുമായി കൂടി ആലോചിക്കാറുള്ളതാണ്. ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്ന് അറിയുന്നു. ശനിയും, ഞായറും ഉണ്ടായിരുന്നിട്ടും തിങ്കള്‍ തന്നെ ടാറിംഗിനായി തിരഞ്ഞെടുത്തത് വന്‍ലാഭം ലക്ഷ്യമാക്കിയാണെന്നും പറയപ്പെടുന്നു. പുതുവര്‍ഷത്തിനു മുമ്പ് ബില്ലുകള്‍ പെട്ടെന്ന് മാറിയെടുക്കാന്‍ ഇത് സഹായകമാണെന്ന് ചില കരാറുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
from kerala news edited
via IFTTT