121

Powered By Blogger

Monday, 22 December 2014

മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കണം: പാര്‍ലമെന്ററി സമിതി







മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കണം: പാര്‍ലമെന്ററി സമിതി


ന്യൂഡല്‍ഹി: മോദിസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി നിര്‍ദേശിക്കപ്പെട്ട അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ്-ആദായവിശകലനം നടത്താന്‍ സര്‍ക്കാറിനോട് പാര്‍ലമെന്ററി സമിതി. ഈ അതിവേഗ റെയില്‍പദ്ധതിക്കായി ചെലവഴിക്കാന്‍പോകുന്ന പണം ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ഇതര റെയില്‍പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോകുംമുമ്പ് റെയില്‍വേയുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികളുമായി താരതമ്യം ചെയ്ത് ചെലവ്-ആദായവിശകലനം നടത്തണം. റെയില്‍വേയുടെ ശുഷ്‌കമായ വിഭവങ്ങളെ നീതിപുര്‍വമായി ഉപയോഗപ്പെടുത്താന്‍ ഇതാവശ്യമാണ് -സമിതി നിരീക്ഷിച്ചു.


നേരത്തേ ബുള്ളറ്റ് ട്രെയിന്‍ സാമ്പത്തികമായി ലാഭകരമല്ലെന്ന് സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചെങ്കിലും പദ്ധതിയെ ന്യായീകരിക്കുകയായിരുന്നു. അതേസമയം മുംബൈ-അഹമ്മദാബാദ് മേഖലയില്‍ അതിവേഗട്രെയിന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ നടപടിയെ സമിതി അഭിനന്ദിച്ചു.

എന്നാല്‍ പൊതുസ്വകാര്യപങ്കാളിത്ത (പി.പി. പി) വിഷയത്തിലെ സര്‍ക്കാര്‍നയത്തില്‍ സമിതി അസന്തുഷ്ടി പ്രകടിപ്പിച്ചു. 12-ാം പദ്ധതിയില്‍ പി.പി.പി രീതിയിലൂടെ സ്വകാര്യ നിക്ഷേപമായി സമാഹരിക്കാന്‍ ലക്ഷ്യമിട്ട ഒരു ലക്ഷംകോടിയുടെ വന്‍ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാനും സമിതി ആവശ്യപ്പെട്ടു.


2013-14 കാലയളവിലേക്ക് പി.പി.പിയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ട 6000 കോടിയില്‍ 1520 കോടിമാത്രമേ ഇതുവരെ നേടാനായുള്ളൂ. ഇത് വളരെ കുറവാണെന്നും സമിതി നിരീക്ഷിച്ചു. റെയില്‍വേയുടെ ശേഷി മെച്ചപ്പെടുത്താനും പുതിയ പാതകള്‍ നിര്‍മിക്കാനുമായി 2012 ഡിസംബറില്‍ മന്ത്രാലയം പങ്കാളിത്തനയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിന്റെ ഭാഗമായി 8000 കോടിയുടെ 16 പദ്ധതികള്‍ക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.











from kerala news edited

via IFTTT