Story Dated: Monday, December 22, 2014 12:31
വിലയേറിയ ഐഫോണ്‍ 6 കോക്കിലിട്ട് തിളപ്പിച്ചാല്‍ എങ്ങനെയിരിക്കും? തണുപ്പിച്ചു കുടിക്കാനുള്ള കോക്ക്, ഗമയോടെ കൊണ്ടുനടക്കാനുള്ള ആപ്പിള്‍ ഐഫോണ്‍. ഇവ അടുപ്പില്‍ വച്ച് തിളപ്പിക്കുകയോ എന്നാവും ഇതേ കുറിച്ച് കേള്‍ക്കുന്നവര്‍ ആദ്യം ചിന്തിക്കുന്നത്. എന്നാല്‍ നല്ല ഫോണുകളെയൊക്കെ ഇത്തരത്തില്‍ 'പീഡിപ്പിച്ച് ' അതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ഹരംകൊളളുന്നവരും ഉണ്ട്.
ഫോണിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്യാനും അത് തെളിയിക്കാനുമാണ് ഇത്തരം ഫോണ്‍ പീഡനങ്ങള്‍ അരങ്ങേറുന്നത്. വിലകൂടിയ ഫോണുകള്‍ക്ക് മേല്‍ വെടിയുതിര്‍ത്തും അവ മൈക്രോവേവ് അവനില്‍ വച്ച് ബേക്കു ചെയ്തും ദ്രവീകൃത നൈട്രജന്‍ ഉപയോഗിച്ച് തണുപ്പിച്ചും മറ്റും കാര്യക്ഷമത തെളിയിക്കാന്‍ ശ്രമിച്ചവരെ കുറിച്ച് ഇതിനോടകം വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.
യു എസില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോയിലാണ് പുതിയ ഐഫോണ്‍ 6 കോക്കിലിട്ട് തിളപ്പിക്കുന്നത് കാണാന്‍ കഴിയുക. പരീക്ഷണം നടത്തുന്ന ആള്‍ ഒരു സോസ്പാനില്‍ കോക്ക് ഒഴിച്ച് രണ്ട് മിനിറ്റ് നേരം തിളപ്പിക്കുന്നു. പിന്നീട് ഐഫോണ്‍ 6 എടുത്ത് അതിന്റെ ക്യാമറ ഓപ്ക്ഷന്‍ ഓണാക്കി തിളയ്ക്കുന്ന കോക്കിലേക്ക് ഇടുന്നു. ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് തിരിച്ചും മറിച്ചും ഇടുന്നുണ്ട്. തിളച്ചുകുറുകിയ കോക്കില്‍ ഫോണിന്റെ നിറം മാറുന്നതും വ്യക്തമാണ്. കോക്കിന്റെ കുറുകിയ അവശിഷ്ടങ്ങള്‍ ഫോണിനെ പൊതിഞ്ഞിരിക്കുന്ന അവസരത്തില്‍ ഇത് പുറത്തേക്ക് എടുക്കാന്‍ ശ്രമം നടത്തുന്നു. ഈ അവസരത്തില്‍ ഫോണിനുളളില്‍ പൊട്ടിത്തെറി നടക്കുകയും അടുക്കളയില്‍ പുക നിറയുകയും ചെയ്യുന്നുണ്ട്.
പുക അടങ്ങുമ്പോഴേക്കും തിളപ്പിച്ച ഐഫോണ്‍ 6 പരീക്ഷണം നടത്തുന്നയാള്‍ പുറത്തെടുക്കുന്നു. പിന്നീട് അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ കത്തിയുപയോഗിച്ച് ചുരണ്ടിക്കളയുന്നതും കാണാം. ഇത്രയും പീഡനമേല്‍പ്പിച്ച ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നാണ് പിന്നീട് നോക്കുന്നത്! എന്തായാലും നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫോണ്‍ ഇത്തരത്തില്‍ നശിപ്പിച്ചത് വീഡിയോ കണ്ടവര്‍ക്കൊന്നും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ബുദ്ധിയെക്കാളേറെ പണമുണ്ടായാല്‍ ഇങ്ങനെയിരിക്കുമെന്നാണ് മിക്കവരും പരിഹസിക്കുന്നത്!
from kerala news edited
via IFTTT