Story Dated: Sunday, February 8, 2015 02:59
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടുമെന്ന് ബി.ജെ.പി. ഞായറാഴ്‌ച വൈകുന്നേരം തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരുന്നതിന് മുന്നോടിയായാണ് ബി.ജെ.പിയുടെ പ്രതികരണം. ആം ആദ്‌മി പാര്‍ട്ടിക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തെറ്റാണെന്ന് തെളിയുമെന്നും ബി.ജെ.പി പറഞ്ഞു.
ശനിയാഴ്‌ച ഡല്‍ഹിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ആം ആദ്‌മി പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുന്നവയാണ്. വൈകുന്നേരം നടക്കുന്ന അവലോകന യോഗത്തില്‍ ഡല്‍ഹിയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രതാപ് ഝാ, മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ ബേദി, ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ എന്നിവരും മറ്റ് പ്രധാന നേതാക്കളും പങ്കെടുക്കും.
ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന്‍ ഞായറാഴ്‌ച രാവിലെ കിരണ്‍ ബേദിയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ 1.33 കോടി വോട്ടര്‍മാരില്‍ 67.14 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
from kerala news edited
via IFTTT