നികുതി ലാഭിക്കാന്‍ 5 ഇ.എല്‍.എസ്.എസ്.
Posted on: 09 Feb 2015
ആര്‍. റോഷന്‍
റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള നികുതിദായകര്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് ഇത്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളായതിനാല്‍ മൂലധന നേട്ടത്തിനുള്ള ഉയര്‍ന്ന സാധ്യതപോലെ തന്നെ നഷ്ടസാധ്യതയും കൂടുതലാണ്.
ആദായ നികുതി ലാഭിക്കാനുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇതിന്റെ ലോക്ക്ഇന്‍ കാലാവധി കുറവാണ്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം. എന്നാല്‍, നികുതി ഇളവ് ലഭിക്കുന്ന ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലും അഞ്ച് വര്‍ഷമാണ് കാലാവധി.
പബ്ലിക് പ്രോവിഡന്റ് ഫണ്ടിലാകട്ടെ ഇത് 15 വര്‍ഷമാണ്. ഇവയിലൊക്കെ പ്രതിവര്‍ഷ റിട്ടേണ്‍ 10 ശതമാനത്തില്‍ താഴെയാണ്. അതേസമയം, ഇ.എല്‍.എസ്.എസ്സില്‍ നിന്നുള്ള റിട്ടേണ്‍ പ്രവചനാതീതമാണ്.
മൂന്ന് വര്‍ഷത്തെ നിക്ഷേപമായതിനാല്‍ മൂലധന നേട്ടത്തിന് നികുതി ഇല്ല എന്നതാണ് ഇ.എല്‍.എസ്.എസ്സിന്റെ മറ്റൊരു പ്രത്യേകത. ലാഭവിഹിതത്തിനും നികുതിയില്ല.
80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഒഴിവ് ലഭിക്കുന്നത്. മറ്റ് നിക്ഷേപങ്ങളൊന്നുമില്ലെങ്കില്‍ ഒന്നര ലക്ഷം രൂപയും ഇ.എല്‍.എസ്.എസ്സില്‍ നിക്ഷേപിക്കാം. 30 ശതമാനം നികുതി സ്ലാബിലുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 45,000 രൂപയ്ക്കുമേല്‍ വരെ നികുതിയാശ്വാസം ലഭിക്കും. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം വേറെ.
രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ പലതും ഇ.എല്‍.എസ്.എസ്. പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദായ നികുതി ഇളവ് നേടാനുള്ള മുഴുവന്‍ തുകയും ഒരൊറ്റ പദ്ധതിയില്‍ നിക്ഷേപിക്കാതെ രണ്ടോ മൂന്നോ പദ്ധതികളിലായി നിക്ഷേപിച്ചാല്‍ നഷ്ടസാധ്യത കുറയ്ക്കാനാകും. കഴിഞ്ഞ കാല പ്രകടനം വിലയിരുത്തി ഏറ്റവും മികച്ച അഞ്ച് ഇ.എല്‍.എസ്.എസ്. പദ്ധതികള്‍ ശുപാര്‍ശ ചെയ്യുകയാണ് ഇവിടെ:
റിലയന്‍സ് ടാക്‌സ് സേവര്‍ ഫണ്ട് (ഗ്രോത്ത്)
വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇ.എല്‍.എസ്.എസ്. പദ്ധതിയാണ് റിലയന്‍സ് 'ടാക്‌സ് സേവര്‍ ഫണ്ട്'. ഈ ഫണ്ടിലെ നിക്ഷേപത്തിന്മേല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 102 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. ഓഹരി വിപണിയിലെ ശരാശരിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ ഫണ്ടിന് കഴിയുന്നുണ്ട്. 2014ല്‍ നിഫ്റ്റി 51.61 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഈ ഫണ്ട് 83 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ഓട്ടോമൊബൈല്‍, എന്‍ജിനീയറിങ് മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപം ഏറെയും. 3,989 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ യൂണിറ്റ് വില (എന്‍.എ.വി.) ഇപ്പോള്‍ 48.32 രൂപയാണ്.
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് (ഗ്രോത്ത്)
കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇ.എല്‍.എസ്.എസ്. പദ്ധതിയാണ് ഇത്. അഞ്ച് വര്‍ഷത്തെ ശരാശരി വാര്‍ഷിക നേട്ടം 24.5 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 76.6 ശതമാനം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നല്‍കി. ധനകാര്യ സേവനം, ഓട്ടോമൊബൈല്‍, ടെക്‌നോളജി മേഖലകളിലെ ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപം. 29.77 രൂപയാണ് ഇപ്പോഴത്തെ യൂണിറ്റ് വില.
എച്ച്.ഡി.എഫ്.സി. ടാക്‌സ് സേവര്‍ ഫണ്ട് (ഗ്രോത്ത്)
ധനകാര്യ സേവനം, ടെക്‌നോളജി, ഊര്‍ജം, എന്‍ജിനീയറിങ് മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപത്തിന്റെ ഏറിയ പങ്കും. 4,795 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ടുള്ള ശരാശരി വാര്‍ഷിക നേട്ടം 16 ശതമാനമാണ്. 2014ല്‍ മാത്രം 56.36 ശതമാനം റിട്ടേണ്‍ നല്‍കി. ഫണ്ടിന്റെ ഇപ്പോഴത്തെ വില 400.77 രൂപയാണ്.
എസ്.ബി.ഐ. മാഗ്‌നം ടാക്‌സ് ഗെയിന്‍ (ഗ്രോത്ത്)
നിഫ്റ്റി ഓഹരി സൂചികയെക്കാള്‍ മികച്ച റിട്ടേണ്‍ നല്‍കിവരുന്ന ഇ.എല്‍.എസ്.എസ്. പദ്ധതിയാണ് എസ്.ബി.ഐ. 'മാഗ്‌നം ടാക്‌സ് ഗെയിന്‍ സ്‌കീം'. 2014ല്‍ 49.14 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഈ ഫണ്ട് നല്‍കിയത്. അഞ്ച് വര്‍ഷം കൊണ്ടുള്ള ശരാശരി വാര്‍ഷിക വളര്‍ച്ച 15.8 ശതമാനമാണ്. ധനകാര്യ സേവനം, ടെക്‌നോളജി, ഓട്ടോമൊബൈല്‍, എന്‍ജിനീയറിങ് മേഖലകളിലെ ഓഹരികളാണ് നിക്ഷേപത്തിന്റെ നല്ലൊരു പങ്കും. ഇപ്പോഴത്തെ യൂണിറ്റ് വില 112.31 രൂപയാണ്.
ഐ.സി.ഐ.സി.ഐ. പ്രൂ ടാക്‌സ് പ്ലാന്‍ (ഗ്രോത്ത്)
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18.3 ശതമാനം ശരാശരി വാര്‍ഷിക വരുമാനം നല്‍കി. 2,284 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 62.5 ശതമാനം റിട്ടേണ്‍ നല്‍കി. നിക്ഷേപം കൂടുതലും ധനകാര്യ സേവന മേഖലയിലെ ഓഹരികളിലാണ്. ഊര്‍ജം, ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍ എന്നിവയാണ് മറ്റ് പ്രധാന മേഖലകള്‍.
(നിയമപ്രകാരമുള്ള അറിയിപ്പ്:ഇ.എല്‍.എസ്.എസ്. ഓഹരി അധിഷ്ഠിത നിക്ഷേപമായതിനാല്‍ നഷ്ടസാധ്യതയ്ക്ക് വിധേയമാണ്. ഫണ്ടുകളുടെ കഴിഞ്ഞ കാല പ്രകടനം വരുംകാല പ്രകടനത്തിന് അടിസ്ഥാനമാവണമെന്നില്ല)
from kerala news edited
via IFTTT