Story Dated: Sunday, February 8, 2015 03:27
ന്യൂഡല്‍ഹി: നീതി ആയോഗ് യോഗത്തില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂക്ഷ വിമര്‍ശനം. എഴുതി തയ്യാറാക്കിയ ഏഴ് പേജുള്ള പ്രസംഗം യോഗത്തില്‍ സമര്‍പ്പിച്ച ശേഷം ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ നിന്ന് തിരികെ പോരുകയായിരുന്നു. നീതി ആയോഗ് യോഗം സംസ്‌ഥാനത്തെ നേരത്തെ അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന വിമര്‍ശനം. യോഗം ചേരുന്നത് സംബന്ധിച്ച് മൂന്ന് ദിവസം മുന്‍പാണ് സംസ്‌ഥാനത്തിന് അറിയിപ്പ് ലഭിച്ചത്. അതിനാല്‍ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കാന്‍ സാധിച്ചില്ല.
വിവിധ വകുപ്പുകളുടെയും വകുപ്പ് മന്ത്രിമാരുടെയും യോഗം ചേരാതെ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കാനാകില്ല. ആവശ്യങ്ങള്‍ തനിക്ക് ഒറ്റയ്‌ക്ക് സമര്‍പ്പിക്കാനാകില്ല. സംസ്‌ഥാനത്തിന്റെ ആവശ്യങ്ങള്‍ പിന്നീട് സമര്‍പ്പിക്കാമെന്നും അദ്ദേഹം കത്തില്‍ വ്യക്‌തമാക്കി. 14-ാം ധനകമ്മീഷന്റെ ശിപാര്‍ശകള്‍ സംസ്‌ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് സംസ്‌ഥാന ബജറ്റ് തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍ സംസ്‌ഥാനങ്ങളുടെ സംഭാവനയെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് മറ്റൊരു വിമര്‍ശനം.
5 അജണ്ടകള്‍ മുന്‍നിര്‍ത്തിയാണ് ഇന്നത്തെ യോഗമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ നീതി ആയോഗിന്റെ ചട്ടക്കൂട് സംബന്ധിച്ച് അതാത് വകുപ്പുകളുടെ കേന്ദ്ര-സംസ്‌ഥാന മന്ത്രിമാരുടെ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റ് സംസ്‌ഥാനങ്ങളിലെ മാതൃകാ പദ്ധതികള്‍ എല്ലാ സംസ്‌ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കുടുംബശ്രീ പദ്ധതിയും ആയുര്‍വേദ പദ്ധതികളും മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കൂടി നടപ്പിലാക്കാനാകുന്ന മാതൃകാ പദ്ധതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍ധന്‍ യോജന, ബേഠി ബചാവോ തുടങ്ങിയ പദ്ധതികള്‍ സംസ്‌ഥാനത്തിന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
from kerala news edited
via IFTTT







