121

Powered By Blogger

Sunday, 8 February 2015

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്









ദോഹ: മലപ്പുറം കോഴിക്കോട് ജില്ലകളെ തഴുകിയൊഴുകുന്ന ചാലിയാര്‍ പുഴയുടെ തീരവാസികളുടെ കൂട്ടായ്മയായ ചാലിയാര്‍ ദോഹയുടെ സമാരംഭ പരിപാടിയായ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ഫിബ്രവരി 10ന് നടക്കും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ വക്‌റ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച്പാസ്റ്റ് പ്രമുഖ ഇന്ത്യന്‍ ഫുട്ബാള്‍ താരവും ചാലിയാര്‍ തീരപ്രദേശമായ മമ്പാടിന്റെ സംഭാവനയുമായ ആസിഫ് സഹീര്‍ ഫ്ലൂഗ് ഓഫ് ചെയ്യും.

ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളും കുടുംബസമേതം കായികോത്സവത്തില്‍ പങ്കെടുക്കും. വിജയികളായ പഞ്ചായത്തിന് ചാലിയാറിന് വേണ്ടി ജീവിതം ത്യജിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ റഹ്്മാന്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കും. ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് മേളക്ക് ഫെസ്റ്റില്‍ പിന്തുണ പ്രഖ്യാപിക്കും.


കമ്പവലി, ഫുട്ബാള്‍, അത്‌ലറ്റ്‌സ്, ചാലിയാര്‍ ക്വിസ്, കലം ഉടക്കല്‍ പെയിന്റിംഗ് കളറിംഗ്, ചിത്രരചന തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികള്‍ക്കായി നിലക്കുന്ന പുഴകളും നിലവിളിക്കുന്ന തീരവാസികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രബന്ധരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചാലിയാറിന്റെ വീണ്ടെടുപ്പിന് ദോഹ കൂട്ടായ്മ'' എന്ന ശീര്‍ഷകത്തില്‍ ബാപ്പു വെള്ളിപറമ്പ് രചന നിര്‍വ്വഹിച്ച് മണ്ണൂര്‍ പ്രകാശും സംഘവും ആലപിച്ച സംഗീത സിഡിയും പുറത്തിറക്കിയിട്ടുണ്ട്. www.chaliyardoha.com എന്നീ വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്.


സ്‌പോര്‍ട്‌സ് ദിനത്തില്‍ നടക്കുന്ന റാഫിള്‍ ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് വിജയികള്‍ക്ക് ദോഹ കോഴിക്കോട് റിട്ടേണ്‍ ടിക്കറ്റുകള്‍ സമ്മാനിക്കും. കൂടാതെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയും പ്രഷര്‍- ഷുഗര്‍, ബി.എം.ഐ നിര്‍ണ്ണയ പരിശോധനാ ക്യാമ്പും പരിപാടിയോടനുബന്ധിച്ച് നടക്കും.


പോത്തുകല്ല്, നിലമ്പൂര്‍, ചാലിയാര്‍, മമ്പാട്, എടവണ്ണ, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, കൊടിയത്തൂര്‍, വാഴക്കാട്,വാഴയൂര്‍, ചാത്തമംഗലം, വാഴക്കാട്, വാഴയൂര്‍, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, ഒളവണ്ണ, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, കടലുണ്ടി, ബേപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് ചാലിയാര്‍ ദോഹയില്‍ അംഗങ്ങളായിട്ടുള്ളത്. പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, ട്രഷറര്‍ ബഷീര്‍ കുനിയില്‍, ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് ഫറോക്ക്, രഘുനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.











from kerala news edited

via IFTTT