Story Dated: Monday, January 12, 2015 04:19
വരാപ്പുഴ: ദേശീയപാത 17ല്‍ പറവൂര്‍- ഇടപ്പള്ളി റോഡില്‍ ഒരുദിവസം കുറഞ്ഞത് നാല് അപകടങ്ങള്‍ വീതം ഉണ്ടാകുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. സി.എസ്.എസ് ഒരു വര്‍ഷം മുന്‍പ് നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷം ദേശീയ പാതയില്‍ വിവിധ സ്‌ഥലങ്ങളില്‍ ഉണ്ടായ അപകടത്തില്‍ 18 പേര്‍ ആണ് മരണമടഞ്ഞത്. എട്ടുപേര്‍ അപകടത്തില്‍ തളര്‍ന്ന് കിടക്കുന്നു. 15 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. തലയ്‌ക്ക് ക്ഷതമേറ്റു കിടപ്പിലായവരില്‍ അഞ്ചുപേര്‍ യുവാക്കളാണ്.
വള്ളുവള്ളി സ്വദേശിയായ ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ദിവസം കുറഞ്ഞത് നാല് അപകടങ്ങള്‍ ഉണ്ടാകുന്നു. ജില്ലയില്‍ തന്നെ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പറവൂര്‍-ഇടപ്പള്ളി റോഡില്‍ ആണ്. റോഡിന്റെ വീതി കുറവും അമിത വേഗതയില്‍ പായുന്ന വാഹനങ്ങളുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. റോഡിലെ കുണ്ടും കുഴിയും വരാപ്പുഴ പാലത്തിലെ അശാസ്‌ത്രീയമായ ടാറിംഗും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഓണത്തിന് മുന്‍പായി ദേശീയ പാതയിലെ കുണ്ടും കുഴിയും നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പത്തുമാസം കഴിഞ്ഞിട്ടും കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ഇടയിലുള്ള റോഡിലെ കുഴി നികത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ രാത്രികാലങ്ങളിലും പകല്‍ സമയങ്ങളിലും അപകടങ്ങള്‍ പതിയിരിക്കുന്നു. അപകടത്തെ തുടര്‍ന്ന് ഭീമന്‍ കുഴി കഴിഞ്ഞ ഓഗസ്‌റ്റ് 15ന് നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍ക്രീറ്റിംഗ് നടത്തി മൂടിയിരുന്നു. എന്നാല്‍ കുഴി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദേശീയ പാതയും കണ്ടെയ്‌നര്‍ റോഡും സംഗമിക്കുന്ന ചേരാനല്ലൂര്‍ സിഗ്നല്‍ കവലയില്‍ സിഗ്നല്‍ അഗണിച്ചു പായുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയപാതയില്‍ അനധികൃതമായ വാഹന പാര്‍ക്കിംഗ് അപകട ഭീഷണി ഉയര്‍ത്തുകയാണ്. അപകടത്തില്‍പെടുന്നവരില്‍ അധികവും ഇരുചക്രവാഹനയാത്രികരാണ്.
from kerala news edited
via IFTTT