Story Dated: Tuesday, January 13, 2015 06:45
നെയ്യാറ്റിന്‍കര: നാഷണല്‍ ഹൈവേയില്‍ നെയ്യാറ്റിന്‍കര നഗരസഭയും ബാലരാമപുരം പഞ്ചായത്തും അതിര്‍ത്തി പങ്കടുന്ന വഴിമുക്കില്‍ ഗതാഗതക്കുരുക്ക്. മൂന്ന് റോഡുകള്‍ സന്ധിക്കുന്ന കവലയില്‍ സുഗമമായ ഗതാഗതത്തിനായി ട്രാഫിക് പോലീസ് ഒരു റെഡിമെയ്‌ഡ് ട്രാഫിക് കവല ഒരുക്കിയിരുന്നു. എന്നാല്‍ ഒരു പോലീസുകാരനെപ്പോലും നിയോഗിക്കാതെ നോക്കുകുത്തിയായപ്പോള്‍ അതെടുത്തുമാറ്റി. പകരം ടയറുകളും കരിങ്കല്ലുകളും കൂട്ടിയിട്ടിരിക്കുകയാണ്. ഇതു വാഹനങ്ങള്‍ക്ക് തിരിയാന്‍ തടസം നല്‍ക്കുന്നു. വീതി കുറഞ്ഞ ജംഗ്‌ഷനില്‍ തന്നെയാണ് അനധികൃത ഓട്ടോ സ്‌റ്റാന്‍ഡ് നിലകൊള്ളുന്നത്. ഇതു കുരുക്കുകളിന്‍മേല്‍ കൂനാംകുരുക്കുപോലെയാണ്.
അതിനു പുറമെ വഴിവാണിഭക്കാരും നടപ്പാതയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്നപ്പോള്‍ ജംഗ്‌ഷന്‍ ശ്വാസംമുട്ടിക്കുന്ന നിലയിലായി. കരമന- കളിയിക്കാവിള പാതവികസനത്തോടെ യാത്രക്കാര്‍ക്ക് കുരുക്കുകളില്‍ നിന്ന് മോചനം ലഭിക്കുമെന്ന ആശ്വാസത്തിലാണ്. പലപ്പോഴും വഴിമുക്കു മുതല്‍ ബാലരാമപുരം വരെ നീണ്ടുവാഹന നിര പ്രത്യക്ഷപ്പെടാറുണ്ട്. എങ്കില്‍ പോലും നിയന്ത്രിക്കാന്‍ ഒരു പോലീസുകാരനെ വഴിമുക്കില്‍ നിയോഗിക്കാത്തത് പ്രശ്‌നത്തിന് രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു.
from kerala news edited
via IFTTT