121

Powered By Blogger

Monday, 12 January 2015

കൗമാരക്കാരെ വഴിതെറ്റിക്കാന്‍ സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍











Story Dated: Monday, January 12, 2015 04:23


തൃശൂര്‍: ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇതേ സംഘങ്ങള്‍ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പുകളിലേക്ക്‌ ചുവടുമാറുന്നു. യുവാക്കളെ പ്രലോഭനത്തില്‍ മയക്കി കോടികളാണ്‌ സംഘങ്ങള്‍ കവര്‍ന്നത്‌. ഷെയര്‍ മാര്‍ക്കറ്റ്‌ എന്ന സാമ്പത്തിക സംരംഭത്തിലേക്ക്‌ കൗമാരക്കാരെ ആകര്‍ഷിക്കാന്‍ ഓരോ വിഭാഗങ്ങളെ സജമാക്കുകയാണ്‌ ഗുണ്ടാസംഘങ്ങള്‍ ചെയ്യുന്നത്‌. ഈ ഗുണ്ടാസംഘങ്ങള്‍ക്ക്‌ ബ്ലേഡ്‌ പലിശക്കാരുമായും ബന്ധമുണ്ട്‌. വിവിധ ആവശ്യങ്ങള്‍ക്കായി പലിശക്കാരില്‍നിന്നു പണം വാങ്ങി തിരിച്ചടയ്‌ക്കാനാകാതെ ഒറ്റയ്‌ക്കും കൂട്ടായും ആത്മഹത്യ ചെയ്യുന്നതിന്റെ പശ്‌ചാത്തലത്തില്‍ ഓപ്പറേഷന്‍ കുബേര നടപ്പിലാക്കി അതു ഫലവത്താകാതെ പോയി.


ഇതുസംബന്ധിച്ച്‌ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ ഗുണ്ടാസംഘങ്ങളുടെ ഹൈടെക്‌ സാമ്പത്തിക തട്ടിപ്പു പുറത്തുവന്നത്‌. തട്ടിപ്പു ഗുണ്ടാസംഘങ്ങള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്ര?ഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നു തട്ടിപ്പിനിരയാക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നു. ഈ കൗമാരക്കാരെ തെരഞ്ഞെടുത്തു ഗുണ്ടാസംഘങ്ങള്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതു ഇതേ വിദ്യാര്‍ഥികളുടെ സഹപാഠികളായിരിക്കും.ഇരയുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കുകയാണ്‌ രണ്ടാം ഗ്രൂപ്പിന്റെ ദൗത്യം. ഇതില്‍ കുടുംബസ്വത്ത്‌, മാതാപിതാക്കളുടെ വിദ്യാഭ്യാസയോഗ്യത, സമൂഹത്തിലെ അന്തസ്‌ ,തൊഴില്‍, സാമ്പത്തിക ശേഷി എന്നിവ അന്വേഷിച്ച്‌ ഗുണ്ടസംഘങ്ങള്‍ക്കു കൈമാറുന്നു.


തുടര്‍ന്ന്‌ തട്ടിപ്പിനിരയാകുന്ന വിദ്യാര്‍ഥിയെ ആകര്‍ഷിപ്പിക്കാനും വിശ്വസിപ്പിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിനായി പരിചയപ്പെടുത്തികൊടുക്കുന്ന സഹപാഠി മുഖേന ഇരയാകുന്ന കൗമാരപ്രായക്കാരനായ വിദ്യാര്‍ഥിക്ക്‌ ഉന്നത ഹോട്ടലില്‍ സല്‍ക്കാരം, വിനോദയാത്ര എന്നിവ സൗജന്യത്തില്‍ നല്‍കി വിശ്വാസ്യതയും സൗഹൃദവും ഉറപ്പുവരുത്തുന്നു. ഉന്നത ഹോട്ടലുകളില്‍വച്ച്‌ ഷെയര്‍മാര്‍ക്കറ്റ്‌ സംബന്ധിച്ച ക്ലാസുകള്‍ നല്‍കുന്നു. ഉപബോധമനസിന്റെ അനന്തശക്‌തി ഉപയോഗിച്ച്‌ ബിസിനസില്‍ ഏര്‍പ്പെട്ട്‌ അളവറ്റ സമ്പത്തും സമൃദ്ധിയും നേടാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള വിധത്തിലുള്ള ക്ലാസായിരിക്കും ഈ ഇരകള്‍ക്കു നല്‍കുക. രാജ്യാന്തര പ്രശസ്‌തിയുള്ള മൈന്‍ഡ്‌ ട്രെയിനര്‍മാരും ബിസിനസ്‌ തന്ത്രങ്ങളുമുള്ളവരായിരിക്കും ക്ലാസുകളെടുക്കുക.


ഇവരുടെ ക്ലാസ്‌ ലഭിച്ചാല്‍ ഇര അവന്റെ മനസ്‌ താന്‍ കോടീശ്വരനായി എന്ന അവസ്‌ഥയിലെത്തും. അതു പ്രായോഗികതയിലെത്തിക്കുന്ന വിധത്തിലായിരിക്കും പിന്നീട്‌ അവരുടെ പ്രവര്‍ത്തനം. ഇതിനായി ലഭിക്കുന്ന പ്രത്യേക ക്ലാസില്‍ ഉത്‌പ്പന്നങ്ങള്‍ വളരെ വേഗം വിറ്റഴിക്കാനുള്ള രീതികള്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌, മൂലധനവും അവസരവും കണ്ടെത്തല്‍, റിസ്‌ക് ഒഴിവാക്കല്‍, കടക്കെണിയില്‍ നിന്നു രക്ഷപെടല്‍, ചെലവു ചുരുക്കല്‍, മണി മാനേജ്‌മെന്റ്‌, പീക്‌ പൊട്ടന്‍ഷ്യല്‍ പെര്‍ഫോര്‍മന്‍സ്‌, സമ്പത്തും ആത്മീയതയും, ബിസിനസില്‍ മെച്ചപ്പെട്ട വിജയം കരസ്‌ഥമാക്കുന്നതിനുള്ള മനോഘടന സൃഷ്‌ടിക്കല്‍, പാര്‍ട്‌ണര്‍മാരെ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളായിരിക്കും. ആയിരകണക്കിന്‌ രൂപ ചെലവഴിച്ചായിരിക്കും ഗുണ്ടാസംഘങ്ങള്‍ ഇരകള്‍ക്ക്‌ ഈ ക്ലാസ്‌ ലഭ്യമാക്കുന്നത്‌.


ആയിരങ്ങള്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങളും ലക്ഷങ്ങള്‍ നിക്ഷേപിച്ചാല്‍ കോടികളും ലഭിക്കുമെന്ന അവസ്‌ഥയില്‍ ഇരയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഈ ക്ലാസുകള്‍ക്കു കഴിയും. തന്റെ ഉപബോധമനസില്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരിക്കും പിന്നീട്‌ ഇരയുടെ ലക്ഷ്യത്തിലുണ്ടാകുക. ആദ്യനിക്ഷേപത്തിനുള്ള തുക കണ്ടെത്താന്‍ ഇരയെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയുമാണ്‌ ഗുണ്ടാസംഘത്തിന്റെ അടുത്ത ഘട്ടം.ഇതിനോടകം ഇരയുടെ കുടുംബത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌, ശമ്പളം,മാസവാടക തുടങ്ങിയ വരുമാനം, വാഹനങ്ങള്‍, വീട്‌ എന്നിവയുടെ കണക്കെടുപ്പ്‌ തട്ടിപ്പുകാര്‍ നടത്തിയിട്ടുണ്ടാകും. ആദ്യഘട്ടത്തില്‍ ഒന്നോ രണ്ടോ ലക്ഷം രൂപ ഷെയറില്‍ നിക്ഷേപിക്കാനായി മാതാപിതാക്കളില്‍നിന്നും ഇര ആവശ്യപ്പെടുന്നു. ഷെയര്‍മാര്‍ക്കറ്റിന്റെ ഗുണദോഷവശങ്ങള്‍ അറിയുന്ന മാതാപിതാക്കള്‍ ഇതിനു തയ്ാറാകാത്ത ഘയട്ടത്തില്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച്‌ ഇര തന്റെ മാതാപിതാക്കളെകൊണ്ട്‌ സമ്മതിപ്പിച്ചു ദൂഷ്യവശം മനസിലാക്കാതെ ആദ്യനിക്ഷേപം നടത്തുന്നു.


എതെങ്കിലും സ്വകാര്യ ബാങ്ക്‌ മുഖേന ഈ ആദ്യനിക്ഷേപം നടത്തികഴിഞ്ഞാല്‍ ഇര വലയില്‍ വീണ്‌, പറയുന്നത്‌ അനുസരിക്കുന്നതായി ഗുണ്ടാസംഘങ്ങള്‍ ഉറപ്പിക്കുന്നു. രണ്ടോ മൂന്നോ മാസത്തിനുശേഷം നിക്ഷേപത്തുക ഇരട്ടിയായതായി സംഘങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ലാഭം വന്നുചേര്‍ന്നതായി അക്കൗണ്ടിലൂടെയും കാണിച്ചുകൊടുത്ത്‌ ഇരയെ വിശ്വസിപ്പിക്കാന്‍ സംഘങ്ങള്‍ക്ക്‌ ഐ.ടി. വിദഗ്‌ദ്ധന്മാരുമുണ്ടായിരിക്കും. ലാഭത്തില്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെട്ട്‌ വീണ്ടും നിക്ഷേപം നടത്തി രണ്ടോ മൂന്നോ മാസംകൊണ്ട്‌ കൂടുതല്‍ നേടിയെടുക്കാമെന്നു ഉപദേശിക്കുന്നത്‌ ഗുണ്ടാസംഘത്തിന്റെ മറ്റൊരു വിഭാഗമായിരിക്കും. ഗുണ്ടാസംഘങ്ങളുടെ ഇരട്ടിപ്പു തട്ടിപ്പ്‌ വിശ്വസിച്ച്‌ തന്റെ കുടുംബത്തിന്റെ മുഴുവന്‍ വരുമാനവും സ്വത്തുവഹകളും ഇതിനായി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു.


ഇരയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള വസ്‌തുവഹകള്‍ വിറ്റു പണമാക്കി മാറ്റാന്‍ സഹായിക്കുന്ന സംഘത്തിന്റെ മറ്റൊരു വിഭാഗവും പ്രവര്‍ത്തനത്തിലുണ്ടായിരിക്കും. ഇവരാണ്‌ ഇപ്പോള്‍ ഓപ്പറേഷന്‍ കുബേരയില്‍പെട്ട്‌ ഉഴലുന്നത്‌. ഷെയര്‍മാര്‍ക്കറ്റ്‌ മുഖേന ലഭിച്ച ലാഭത്തുക ബാങ്ക്‌ അക്കൗണ്ടില്‍ കാണിക്കുമെങ്കിലും ഏതൊരു ഘട്ടത്തിലും ആ തുക പിന്‍വലിക്കാനാകാത്ത വിധത്തിലായിരിക്കും അക്കൗണ്ടു പ്രവര്‍ത്തിപ്പിക്കുക. ഇതിനായി പ്രത്യേകം സജമാക്കിയ നെറ്റ്‌ കഫേകളുമുണ്ട്‌. യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി ഇതിനു യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. ഇരയുടെയും മാതാപിതാക്കളുടെയും മറ്റും മുഴുവന്‍ സമ്പാദ്യവും പണമായി മാറ്റി ഷെയറില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ ഷെയറിന്റെ അക്കൗണ്ടിലും നെറ്റിലും ലാഭം മാത്രമാണ്‌ വരുന്നത്‌.


കോടികളായി ഉയര്‍ന്നുവന്നിരുന്ന തന്റെ നിക്ഷേപവും ലാഭവും വന്‍ തകര്‍ച്ച നേരിട്ട്‌ ആയിരങ്ങളിലെത്തി അവസാനിക്കും. ഇതോടെ ഗുണ്ടാസംഘങ്ങളുടെയും സഹപാഠികളുടെയും ഇരയോടുള്ള സൗഹൃദം അവസാനിക്കുകയും ഇത്‌ ഒറ്റയ്‌ക്കും കൂട്ടത്തോടെയുമുള്ള ആത്മഹത്യയ്‌ക്കു വഴിയൊരുക്കുകയുമായി മാറും. ആത്മഹത്യ ചെയ്യപ്പെട്ട ചില കുടുംബങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ഞെട്ടിപ്പിക്കുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താനായത്‌. ഇതിനെ നിയമപരമായി നേരിടാനാകില്ലെന്നതാണ്‌ പ്രധാന പ്രശ്‌നം.


ഈ തട്ടിപ്പ്‌ അരങ്ങേറുന്നത്‌ യഥാര്‍ഥ ഷെയര്‍മാര്‍ക്കറ്റുമായി യാതൊരു ബന്ധവുമില്ലാതെയാണ്‌. ഗുണ്ടാസംഘങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തട്ടിപ്പിനായി ഷെയര്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലൂടെയാണ്‌ കോടികള്‍ തട്ടിയെടുക്കുന്നത്‌. ഈ ഹൈടെക്‌ തട്ടിപ്പില്‍ നിയമനടപടി നേരിടാനാകാതെ കോടികള്‍ തട്ടിയെടുക്കാമെന്നതു പ്രത്യേകതയാണ്‌.


കൗമാരക്കാരുടെ ഇത്തരത്തിലുള്ള വിവിധ പ്രശ്‌നങ്ങളില്‍ കുരുങ്ങി വിദ്യാര്‍ഥികള്‍ വഴിതെറ്റാതിരിക്കന്‍ ഹയര്‍സെക്കന്‍ഡറിയില്‍ അധ്യാപകസേന തന്നെ തയ്യാറായിക്കഴിഞ്ഞു. ഇതിനു വകുപ്പിലെതന്നെ 123 അധ്യാപകരെ ഉന്നതസ്‌ഥാപനങ്ങളിലേക്ക്‌ അയച്ച്‌ കൗമാരകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാനസിക ധൈര്യം, ജീവിതനിപുണത എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കാനും കൗണ്‍സിലിങ്‌ നടത്താനും പ്രാപ്‌തമാക്കിയിരിക്കയാണ്‌. ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ന്യൂറോ സയന്‍സസ്‌, തമിഴ്‌നാട്‌ ശ്രീ പെരുമ്പത്തൂരിലെ രാജീവ്‌ ഗാന്ധി നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ യൂത്ത്‌ ഡവലപ്‌മെന്റ്‌ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത്‌ ഡോ. എം.സി.കെ. നായരുടെ നേതൃത്വത്തിലുള്ള ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററിലും അയച്ചാണ്‌ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.


അധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ കൗമാരക്കാരിലും വിദ്യാര്‍ഥികളിലും പെട്ടെന്നു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ളവരെ തിരിച്ചറിയാനും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവത്‌ക്കരിക്കാനും പോലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്‌. അധ്യാപകരുടെ പരിശീലനത്തിനും വിദ്യാര്‍ഥികള്‍ക്ക്‌ ക്ലാസ്‌ നല്‍കുന്നതിനുമായി 1.40 കോടി രൂപയാണ്‌ ഹയര്‍സെക്കന്‍ഡറി വകുപ്പ്‌ നീക്കിവച്ചിട്ടുള്ളത്‌. സംസ്‌ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1200 സൗഹൃദക്ലബുകള്‍ മുഖേനയാണ്‌ കൗമാരക്കാര്‍ക്ക്‌ ക്ലാസും കൗണ്‍സിലിങ്ങും നടത്തുന്നത്‌.


ജോയ്‌ എം മണ്ണൂര്‍










from kerala news edited

via IFTTT