Story Dated: Monday, January 12, 2015 12:12
അലഹബാദ്, ഉത്തര്‍പ്രദേശ്: പ്രിയങ്ക റോബര്‍ട്ട് വധ്രയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. ഉത്തര്‍പ്രദേശ് ഘടകമാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. അലഹബാദിലെ സുബാഷ് ചൗകിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ബാനര്‍ ഉയര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ തത്സഥാനത്തുനിന്ന് മാറ്റണമെന്നും ബാനറില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ജന്മദിനം ആഘോഷിക്കുന്ന പ്രിയങ്കയ്ക്ക് പിറന്നാള്‍ സമ്മാനമായി പ്രസിഡന്റ് സ്ഥാനം നല്‍കി പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കണം. ദിഗ്‌വിജയ് സിംഗിനെ ഒഴിവാക്കുക. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിക്കണമെന്നും ബാനറില്‍ പറയുന്നു.
സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബാനര്‍. എന്നാല്‍ ഇതില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പരാമര്‍ശം പോലുമില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹസീബ് അഹമ്മദ്, ശിര്‍ഷ ചന്ദ്ര ദുബേ എന്നിവരുടെ ചിത്രവും ബാനറിലുണ്ട്. 'പ്രിയങ്ക ഗാന്ധിയുടെ യൂത്ത് ബ്രിഗേഡ്' എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ മുന്‍ സെക്രട്ടറിമാരാണ് ഇരുവരും.
ദിഗ്‌വിജയ് സിംഗിനെ മാത്രമല്ല ശ്രീ പ്രകാശ് ജയ്‌സ്വാള്‍, ബേനി പ്രസാദ് വര്‍മ്മ എന്നിവരുടെ നിലപാടിനോടും തങ്ങള്‍ എതിരാണെന്നും അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അടിസ്ഥാന രഹിത പ്രസ്താവനകള്‍ നടത്തുകയുമാണെന്ന് ഹസീബ് അഹമ്മദ് ആരോപിച്ചു. പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷയാക്കണമെന്ന് കാണിച്ച് ഇതിനകം തന്നെ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഹസീബ് അഹമ്മദ് പറഞ്ഞു. പ്രിയങ്കയെ അനുകൂലിച്ച് ഇവര്‍ മുന്‍പും പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു.
from kerala news edited
via IFTTT