121

Powered By Blogger

Monday, 12 January 2015

ക്രിസ്‌റ്റ്യാനോ ലോക ഫുട്‌ബോളര്‍; മെസ്സിയേയും ന്യൂയറിനെയും മറികടന്നു









Story Dated: Tuesday, January 13, 2015 06:23



mangalam malayalam online newspaper

സൂറിച്ച്‌: പോര്‍ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്ക്കാരം. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അര്‍ജന്റീനയുടെ ലയണേല്‍ മെസിയേയും ജര്‍മ്മനിയുടെ ഗോളി മാനുവല്‍ ന്യൂയറിനെയും പിന്തള്ളിയാണ് ക്രിസ്ത്യാനോ വീണ്ടും പുരസ്ക്കാരതത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ക്രിസ്ത്യാനോ ലോക ഫുട്ബോളര്‍ ബഹുമതിക്ക് അര്‍ഹനാകുന്നത്.


ക്ളബ്ബ് ഫുട്ബോളിലെ മികവില്‍ ഇതിന് മുമ്പ് 2008 ലും 2013 ലും ക്രിസ്​താനോ ഫിഫയുടെ ലോക ഫുട്ബോളര്‍ ബഹുമതിക്ക് അര്‍ഹനായിരുന്നു. ലോകകപ്പ്‌ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പോര്‍ചുഗല്‍ പുറത്തായെങ്കിലും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 2014 മികച്ച വര്‍ഷമായിരുന്നു. കലണ്ടര്‍ വര്‍ഷത്തില്‍ 61 ഗോളടിച്ച ക്രിസ്‌റ്റ്യാനോ റയാല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ്‌ ലീഗ്‌, കോപാ ഡെല്‍ റെ, യുവേഫ സൂപ്പര്‍ കപ്പ്‌ കിരീടങ്ങളും വര്‍ഷാവസാനത്തെ ക്ലബ്‌ ലോകകപ്പിലും ജേതാക്കളാക്കി. കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണില്‍ 17 ഗോളടിച്ചിരുന്നു.


2008, 2013 സീസണുകളില്‍ ജേതാവായെങ്കിലും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ 2009 മുതല്‍ 2012 വരെ മെസിയുടെ പിന്നില്‍ രണ്ടാമനായിരുന്നു. 2014 ല്‍ മെസിയും (49) ക്രിസ്‌റ്റ്യാനോയും (51) ചേര്‍ന്ന്‌ 100 ഗോളടിച്ചിരുന്നു. അര്‍ജന്റീന, ബാഴ്‌സലോണയുടെയും താരമാണ്‌ ലയണല്‍ മെസി, കഴിഞ്ഞ ഏഴു വര്‍ഷവും അന്തിമ പട്ടികയില്‍ ഇടംപിടിച്ച മെസി 2014 ല്‍ അര്‍ജന്റീനയ്‌ക്കു വേണ്ടിയും ബാഴ്‌സലോണയ്‌ക്കു വേണ്ടിയും 66 കളികളിലായി 58 ഗോളടിച്ചു. മെസി നായകനായ അര്‍ജന്റീന ടീമിന്‌ ലോകകപ്പ്‌ ഫൈനലില്‍ ജര്‍മനിയോടു തോല്‍ക്കേണ്ടി വന്നു. കഴിഞ്ഞ നാല്‌ സീസണിലും ഗോള്‍നേട്ടം 50 നു മുകളിലെത്തിക്കാന്‍ മെസിക്കായി.


ജര്‍മനിക്ക്‌ ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത ഗോള്‍ കീപ്പറാണ്‌ മാനുവല്‍ ന്യൂയര്‍. ജര്‍മനിയുടെ മധ്യനിരക്കാരി നാദിന കെസ്ലറാണ്‌ 2014 ലെ മികച്ച വനിതാ താരം. വനിതകളില്‍ അഞ്ചുവട്ടം അവാര്‍ഡ്‌ നേടിയ ബ്രസീലിന്റെ മാര്‍ത്ത, യു.എസിന്റെ സ്‌ട്രൈക്കറും 2012 ലെ ജേതാവുമായ അബി വാംബാച്ച്‌ എന്നിവെര മറികടന്നാണ്‌ നാദിന കെസ്ലര്‍ വനിതാ താരമായത്‌. കൊളംബിയയുടെ മിഡ്‌ഫീല്‍ഡര്‍ ഹാമസ്‌ റോഡ്രിഗസ്‌ ബ്രസീല്‍ ലോകകപ്പില്‍ യുറുഗ്വേയ്‌ക്കെതിരേ നേടിയ ഗോളാണ്‌ ഫിഫയുടെ മികച്ച ഗോളായി (പുഷ്‌കാസ്‌ അവാര്‍ഡ്‌) തെരഞ്ഞെടുക്കപ്പെട്ടത്‌.


അയര്‍ലന്‍ഡിന്റെ വനിതാ താരം സ്‌റ്റെഫാനി റോചെ പീമൗണ്ട്‌ യുണൈറ്റഡിനു വേണ്ടി നേടിയ ഗോളും ബ്രസീല്‍ ലോകകപ്പില്‍ ഹോളണ്ടിന്റെ റോബിന്‍ വാന്‍ പേഴ്‌സി സ്‌പെയിനെതിരേ പറന്ന്‌ ഹെഡ്‌ ചെയ്‌തു നേടിയ ഗോളിനെയും മറികടന്നാണ്‌ ഹാമസ്‌ റോഡ്രിഗസ്‌ പുഷ്‌കാസ്‌ അവാര്‍ഡ്‌ നേടിയത്‌. ജര്‍മനിയുടെ ജോക്വിം ലോയാണ്‌ ലോകത്തെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടത്‌. ജര്‍മനിയെ ലോക ജേതാക്കളാക്കിയത്‌ ലോവിന്റെ മികച്ച തന്ത്രങ്ങളാണ്‌.


റയാല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി എന്നിവരെ മറികടന്നാണ്‌ ലോ അവാര്‍ഡ്‌ നേടിയത്‌. ഫിഫ പ്രസിഡന്റിന്റെ പ്രത്യേക അവാര്‍ഡ്‌ ജപ്പാനിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹിരോഷി കാഗ്‌വയ്‌ക്കു ലഭിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ പ്രാദേശിക സമയം വൈകിട്ട്‌ ഏഴു മുതലാണ്‌ ലോക ഫുട്‌ബോളര്‍ അവാര്‍ഡ്‌ ജേതാവിനെ പ്രഖ്യാപിക്കുന്ന ചടങ്ങ്‌ നടന്നത്‌. ഫിഫയുടെ അംഗരാജ്യങ്ങളിലെ ടീം നായകന്‍മാരും കോച്ചുമാരും തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമാണ്‌ വോട്ടെടുപ്പില്‍ പങ്കെടുത്തത്‌.










from kerala news edited

via IFTTT