Story Dated: Tuesday, January 13, 2015 10:48
ജക്കാര്‍ത്ത: കഴിഞ്ഞ മാസം 162 പേരുടെ മരണത്തിന് കാരണമായി തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ നടത്തുന്ന മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘം ജാവാ കടലിനടിയില്‍ നടത്തിയ തെരച്ചിലില്‍ നിന്നുമാണ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്. പൈലറ്റുമാരുടെ സംഭാഷണങ്ങളും എയര്‍ കണ്‍ട്രോളറുമായി ഇവര്‍ കൈമാറിയ വിവരങ്ങളും ഇതില്‍ നിന്നും ലഭിക്കുമെന്നാണ് സൂചന.
കോക്‌പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തിയതോടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇന്തോനീഷ്യയിലെ സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എയര്‍ബസ് എ320-200 എന്ന വിമാനം ഡിസംബര്‍ 28 നാണ് കടലില്‍ തകര്‍ന്നു വീണത്. വിമാനച്ചിറകിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്ന ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡര്‍ മുങ്ങല്‍വിദഗ്‌ധരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഫ്ളൈറ്റ് ഡേറ്റ റെക്കോഡറും കോക്‌പിറ്റ് വോയിസ് റെക്കോഡറും ബ്ലാക്‌ബോക്‌സിന്റെ ഭാഗങ്ങളാണ്. പൈലറ്റിന്റെ അവസാനസന്ദേശം ഉള്‍പ്പെടെയുള്ള വിവരങ്ങളും സാങ്കേതിക രേഖകളും ബ്ലാക്‌ബോക്‌സിലുണ്ടാകുുമെന്നാണ് പ്രതീക്ഷ.
എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നു വീണതു മര്‍ദ വ്യതിയാനത്തെത്തുടര്‍ന്നാണെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. വെള്ളത്തില്‍ വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ഇന്തോനീഷ്യന്‍ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി (ബസര്‍നാസ്) തലവന്‍ ഫ്രാന്‍സിസ്‌കസ് ബാങ്‌ബാങ് സൊയേലിസ്‌റ്റ്യോ അറിയിച്ചു. ഫ്ളൈറ്റ് ഡേറ്റാ റെക്കോഡര്‍ പരിശോധിച്ചശേഷം അന്തിമ വിലയിരുത്തല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തെരച്ചിലിനൊടുവില്‍ ജാവ കടലില്‍നിന്ന് അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തതോടെയാണു വിമാനം തകര്‍ന്നുവീണതായി സ്‌ഥിരീകരിച്ചത്. എന്നാല്‍, ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്. വിമാനാവശിഷ്‌ടങ്ങള്‍ക്കൊപ്പം മൃതദേഹങ്ങളും ജാവ കടലിനടിയിലുണ്ടാകുമെന്നാണു പ്രതീക്ഷ.
from kerala news edited
via IFTTT