Story Dated: Monday, March 9, 2015 12:47
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം തലസ്‌ഥാനത്ത് വീണ്ടും. 21 കാരനായ ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചു ആള്‍ക്കാര്‍ തല്ലിച്ചതച്ചു. ഡല്‍ഹി കോളനിയില്‍ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. ഗുവാഹത്തിയില്‍ നിന്നുള്ള അര്‍ബാസ് അഹമ്മദിനാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യ ലഹരിയില്‍ അയല്‍ക്കാരായ ഒരാളുടെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെന്നാണ് ഇയള്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഹോളിദിനമായ വെളളിയാഴ്‌ച പുലര്‍ച്ചെ സ്വന്തം വീടാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇക്കാര്യം ചെയ്‌തത്.
താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ശബ്‌ദം കേട്ട് വീടിന്റെ ഉടമയും അയല്‍ക്കാരായ മറ്റുള്ളവരും എത്തുകയും കള്ളനാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയുമായിരുന്നു. ഐഎഎസ് പരിശീലനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി ഇവിടെ താമസിക്കുന്ന ആളാണ് അര്‍ബാസ്. ഇയാള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് പിന്നീട് കണ്ടെത്തി.
അര്‍ബാസിന്റെ താമസസ്‌ഥലവും ഇയാള്‍ തുറക്കാന്‍ ശ്രമിച്ച സ്‌ഥലവും ഒരേ ഫ്‌ളോറില്‍ ഉള്ളതാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
from kerala news edited
via IFTTT