121

Powered By Blogger

Monday, 9 March 2015

കഞ്ചാവ്‌ വില്‍പന വ്യാപകം; യുവാവ്‌ പിടിയില്‍











Story Dated: Monday, March 9, 2015 01:53


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പാറത്തോട്‌, കൂവപ്പള്ളി മേഖലകളില്‍ വ്യാപകമായി വിദ്യാര്‍ഥികള്‍ക്കും, യുവജനങ്ങള്‍ക്കും കഞ്ചാവ്‌ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍.


കാഞ്ഞിരപ്പള്ളി കൊടുവന്താനം കണ്ടത്തില്‍ രാജേഷ്‌(24) നെ എരുമേലിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാഞ്ഞിരപ്പള്ളി ഫാബീസ്‌ ഓഡിറ്റോറിയത്തിന്‌ സമീപം വെച്ച്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌.

ഇയാളോടൊപ്പം ഓട്ടോയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ബംഗ്‌ളാവുപറമ്പില്‍ സമീര്‍ (25)നെ തെരഞ്ഞുവരുന്നതായി എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു.


എരുമേലിയില്‍ നിന്നും കഞ്ചാവുമായി പുറപ്പെട്ടുവെന്ന രഹസ്യ വിവരം ലഭിച്ചയുടന്‍ എക്‌സൈസ്‌ സംഘം ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയാണ്‌ രാജേഷിനെ പിടികൂടിയത്‌. രാജേഷില്‍ നിന്നും 30 ഗ്രാം കഞ്ചാവ്‌ പിടികൂടി. ഓട്ടോറിക്ഷ അധിക്യതര്‍ പിടിച്ചെടുത്തു.കൂട്ടത്തിലുണ്ടായിരുന്ന പ്രധാന വില്‍പനക്കാരന്‍ സമീര്‍ ഓടി രക്ഷപ്പെട്ടതായും എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. രാജേഷിനെ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി.


പ്രധാനമായും കാഞ്ഞിരപ്പള്ളി, പാറത്തോട്‌, പൊന്‍കുന്നം, കൂവപ്പള്ളി മേഖലകളിലെ കോളേജ്‌, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ്‌ യുവജനങ്ങള്‍ക്കുമാണ്‌ കഞ്ചാവ്‌് വില്‍ക്കുന്നത്‌. തമിഴ്‌നാട്ടിലെ കമ്പം, തേനി, മേട്ടുപാളയം തുടങ്ങിയ മേഖലകളില്‍ നിന്നുമാണ്‌ കേരളത്തിലേയ്‌ക്ക്‌ രഹസ്യമായി കഞ്ചാവ്‌ കടത്തുന്നത്‌.


കേരളത്തിലെത്തിക്കുന്ന കഞ്ചാവ്‌ ചെറിയ പൊതികളിലാക്കി മൊത്ത വിതരണക്കാര്‍ വഴി ഇടനിലക്കാരുടെ സഹായത്തോടെ വില്‍പനക്കാരിലേയ്‌ക്കും എത്തിക്കൂന്ന സംഘം പ്രവര്‍ത്തിച്ചുവരുന്നു. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയും തെരഞ്ഞുവരുകയാണ്‌.കാഞ്ഞിരപ്പള്ളി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ആര്‍. ജയചന്‌ദ്രന്‍, അസിസന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അജിത്‌കുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍ ടോജോ ഞള്ളിയില്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ശ്രീലേഷ്‌, വികാസ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.










from kerala news edited

via IFTTT