Story Dated: Tuesday, March 10, 2015 07:00
അന്യമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ക്ഷേത്ര അനുഷ്‌ഠാനകലകളെ വരുംതലമുറയ്‌ക്ക് പാഠമാക്കാന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്‌തിപകരുകയാണ് വൈക്കം ക്ഷേത്രകലാപീഠം. ഇതിന്റെ ആദ്യപടിക്ക് ഒരുങ്ങുകയാണ് കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭഗവതിക്ഷേത്രം. അനുഷ്‌ഠാനകലയിലെ പ്രധാനഇനമായ മുടിയേറ്റിലെ അരങ്ങേറ്റമാണ് ഇന്ന് രാത്രി എട്ടിന് നടക്കുന്നത്. ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണിത്. മാരാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ച് കുടുംബങ്ങളാണ് ഈ അനുഷ്‌ഠാനകല അവതരിപ്പിച്ചുപോന്നിരുന്നത്.
ഇന്ന് മറ്റു സമുദായങ്ങളും അവതരിപ്പിക്കുന്നുണ്ട്. 2012ല്‍ ആണ് ക്ഷേത്രകലാപീഠം മൂടിയേറ്റിനെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സിലബസില്‍ ഉള്‍പ്പെടുന്നത്. ക്ഷേത്രകലാപീഠത്തിലെ ആദ്യബാച്ചിന്റെ അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്. കലാപീഠത്തിലെ 11 പേരാണ് ഇന്ന് അരങ്ങേറ്റം നടത്തുന്നത്. മുടിയേറ്റിനുമുണ്ടൊരു ഐതീഹ്യം. ദേവാസുരയുദ്ധത്തില്‍ അസുരവംശം മുഴുവനും നശിച്ചു. ദാരുമതി, ദാനവതി എന്നീ അസുരസ്‌ത്രീകള്‍ മാത്രം അവശേഷിച്ചു. അവര്‍ ബ്രഹ്‌മാവിനെ തപസ്സ് ചെയ്‌ത് അതിശക്‌തന്‍മാരായ ഓരോ പുത്രന്‍മാരെ ജനിപ്പിച്ചു.
ദാരുമതിക്ക് ദാരികന്‍, ദാനവതിക്ക് ദാനവേന്ദ്രന്‍. ഇവര്‍ ബ്രഹ്‌മാവിനെ തപസ്സ് ചെയ്‌ത് തങ്ങള്‍ക്ക് മരണം ഉണ്ടാവരുതെന്നും തങ്ങളുടെ ഒരുതുള്ളി രക്‌തം ഭൂമിയില്‍ പതിച്ചാല്‍ അതില്‍നിന്ന് അതിശക്‌തന്‍മാരായ അനേകം അസുരന്‍മാര്‍ ഉണ്ടാവണമെന്നും വരം നേടി. സ്‌ത്രീകളില്‍ നിന്നും മരണം വേണ്ടേ എന്ന ബ്രഹ്‌മാവിന്റെ ചോദ്യത്തിന് ഇവര്‍ കോപിച്ചപ്പോള്‍ നിങ്ങള്‍ക്ക് സ്‌ത്രീയില്‍ നിന്ന് മരണം സംഭവിക്കട്ടെയെന്ന് ശപിക്കുകയും ചെയ്‌തു.
വരബലത്താല്‍ അഹങ്കാരികളായ ഇവരെ വരുതിയിലാക്കുവാന്‍ സൃഷ്‌ടിച്ചദേവതയാണ് ഭദ്രകാളി. ബ്രഹ്‌മാവ് മകളായ ഭദ്രകാളിയോട് കോപികളായ ദാരിക, ദാനവേന്ദ്രന്‍മാരെ വധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ഭദ്രകാളി അസുരന്‍മാരുമായി യുദ്ധം ചെയ്‌തു. ഭേതാളം തന്റെ നാക്ക് യുദ്ധഭൂമിയില്‍ വിരിച്ച് അസുരന്‍മാരുടെ രക്‌തം യുദ്ധഭൂമിയില്‍ വീഴാതെ കുടിച്ചുകൊണ്ടിരുന്നു. അങ്ങനെ ദാരിക, ദാനവേന്ദ്രന്‍മാരെ വധിക്കുകയും ശിരസ്സ് പരമശിവന് കാഴ്‌ചവക്കുകയും ചെയ്‌തു.
സംപ്രീതനായ ശിവന്‍ ഭദ്രകാളിയെ അനുവദിക്കുകയും ലോകരക്ഷയ്‌ക്കായി അവര്‍ക്കുവേണ്ട അനുഗ്രഹം കൊടുക്കുകയും ചെയ്‌തു. ഇതാണ് മുടിയേറ്റിന്റെ ഇതിവൃത്തം. രാത്രി എട്ടിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ മുടിയേറ്റിന്റെ ദീപോജ്‌ജ്വലനം നിര്‍വ്വഹിക്കും. അംഗങ്ങളായ സുഭാഷ് വാസു, പി.കെ കുമാരന്‍, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.
from kerala news edited
via IFTTT