Story Dated: Tuesday, March 10, 2015 01:34
തൃശൂര്‍: നിഷാമിനെതിരേ കലക്‌ടര്‍ കാപ്പ ചുമത്തിയതിനു ശേഷം പോലീസ് മുഖംമിനുക്കല്‍ നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായി. കേസ് അന്വേഷണത്തിനിടെ ഏറെ പഴികേട്ട പേരാമംഗലം സി.ഐ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെവച്ച് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ഉന്നതവിലയിരുത്തല്‍. അതിനാല്‍ അന്വേഷണത്തിനു പുതിയസംവിധാനം അനിവാര്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
സി.ഐക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നല്ല പ്രതിഛായയായിരുന്നുവെങ്കിലും നിഷാംകേസ് വന്നതോടെ അതു നഷ്‌ടമായി. ഈ നിലയില്‍ സി.ഐയുടെ ഇനിയുള്ള നീക്കങ്ങളും പരക്കെ വിമര്‍ശനത്തിനിടയാക്കുമെന്ന് വ്യക്‌തം.
കേസ് നടപടികളിലുണ്ടായ വീഴ്‌ച, നിഷാമുമൊത്തുള്ള ബംഗളുരു യാത്ര, നിഷാമിനു ഫോണ്‍വിളിക്കാന്‍ നല്‍കിയ അമിതസ്വാതന്ത്ര്യം എന്നിവയാണ് അന്വേഷണസംഘത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. തന്നെയുമല്ല ചെറിയ കാര്യങ്ങള്‍പോലും മറച്ചുവയ്‌ക്കാനുള്ള ആസൂത്രീത നീക്കവും സംശയാസ്‌പദമായി. കേസ് സംബന്ധമായുള്ള ഏതുകാര്യത്തിനും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ സമീപിക്കേണ്ട അവസ്‌ഥയാണുള്ളത്. നിഷാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകേണ്ട കാര്യമുണ്ടായിരുന്നുവോ എന്ന ചോദ്യവും അവശേഷിക്കുകയാണ്.
സിവില്‍ വസ്‌ത്രങ്ങളുമണിഞ്ഞ് നിഷാമിന്റെ വാഹനത്തില്‍ സംഘം യാത്ര നടത്തിയെന്നാണ് പരാതി. നിഷാം ഫോണ്‍വിളിക്കുന്നതും അതിനടുത്ത് സി.ഐ. നില്‍ക്കുന്നതുമായ പടവും അന്വേഷണം ചുരുട്ടിക്കെട്ടുമെന്ന ധാരണ പടര്‍ത്തി. സി.ഐയെ ഏതുസമയവും അന്വേഷണത്തില്‍നിന്ന് ഒഴിവാക്കുമെന്നാണ് അറിയുന്നത്. കേസില്‍ ഡി.ജി.പി. ഉള്‍പ്പെടെ നിഷാമിനു വേണ്ടി താത്‌പര്യമെടുത്തു എന്ന പി.സി. ജോര്‍ജിന്റെ ആക്ഷേപവുമുണ്ട്. ഈ സാഹചര്യങ്ങള്‍ക്കിടയില്‍ പോലീസ് സേനയുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇതില്‍ ആഭ്യന്തരമന്ത്രിക്കടക്കം പ്രതിഷേധമുണ്ട്. എന്നാല്‍ എന്തുചെയ്ണമെന്ന യഅന്തിമതീരുമാനമായിട്ടില്ല.
നിഷാമിനെ വിലങ്ങണിയിക്കുന്നതിനുള്ള അന്നത്തെ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശം സി.ഐയും സംഘവും ആദ്യം ചെവിക്കൊണ്ടില്ലെന്നതും ദുരൂഹമായി. ശോഭാസിറ്റിയില്‍ നിഷാമിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നേരിട്ടെത്തിയ അന്നത്തെ സിറ്റി പോലീസ് കമ്മിഷണര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണ് നിഷാമിനെ വിലങ്ങണിയിച്ചത് എന്നതു പിന്നീട് അങ്ങാടിപ്പാട്ടായി. ഇത്രയധികം മാധ്യമശ്രദ്ധ പതിഞ്ഞ കേസില്‍പ്പോലും സി.ഐയുടെ ധിക്കാരപരമായ പെരുമാറ്റം സംശയം വര്‍ധിപ്പിച്ചു.
ചന്ദ്രബോസ് ആക്രമിക്കപ്പെട്ട വേളയില്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കാതിരുന്നതും വന്‍വീഴ്‌ചയായി. കാപ്പാനിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ നല്‍കിയ സര്‍ക്കുലര്‍ വ്യാജമാണെന്നു വരുത്താനും അന്വേഷണസംഘത്തിലെ ചിലര്‍ ശ്രമിച്ചു. ഇതും തിരിച്ചടിയായി. കത്ത് വ്യാജമല്ലെന്നും യഥാര്‍ഥമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി ജീപ്പ് ഓടിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ യു ട്യൂബിലിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലും കേസ്‌നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. നിഷാമിന്റെ വാഹനപരിശോധന നടത്താന്‍ വൈകിയതും അന്വേഷണസംഘത്തിന്റെ വീഴ്‌ചയായി.
ഇതിനിടെയാണ് ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്ത സംഭവത്തില്‍ ഉപലോകായുക്‌ത കേസെടുത്തത്. അതുമായി ബന്ധപ്പെട്ട് സി.ഐ. തലസ്‌ഥാനത്തേക്കു തിരിച്ചതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. പോലീസ് ആസ്‌ഥാനത്ത് ഉന്നതരെ കണ്ട് സി.ഐ. അന്വേഷണനടപടികള്‍ റിപ്പോര്‍ട്ടുചെയ്യുവാനും സാധ്യതയുണ്ട്.
from kerala news edited
via IFTTT