Story Dated: Thursday, December 25, 2014 04:18
പത്തനംതിട്ട: ജില്ലാ സ്‌റ്റേഡിയത്തില്‍ പട്ടികജാതി-വര്‍ഗ വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃകോത്സവത്തില്‍ ഇന്ന് ആട്ടം, ഊരാളികൂത്ത്, നാടന്‍പാട്ടുകള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും. തൃശൂര്‍ സ്വദേശിയായ ദിലീപും സംഘവുമാണ് നാടന്‍പാട്ട് അവതരിപ്പിക്കുന്നത്. ഇടുക്കി സ്വദേശികളായ ജഗദീഷും സംഘവും ആട്ടവും ബാലനും സംഘവും ഊരാളികൂത്തും അവതരിപ്പിക്കും. വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെയാണ് കലാരൂപങ്ങള്‍ അരങ്ങേറുന്നത്.
ഇടുക്കി ജില്ലയിലെ മലപ്പുലയന്‍ വിഭാഗക്കാരുടെ പരമ്പരാഗത നൃത്തരൂപമാണ് ആട്ടം. കിടിമുട്ടി, ഉറുമി തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന നൃത്തത്തിന് പാട്ടുകളില്ല.
ഇടുക്കിയിലെ ഊരാളി വിഭാഗക്കാര്‍ വിനോദത്തിനായി അവതരിപ്പിക്കുന്ന കലാരൂപമാണ് ഊരാളിക്കൂത്ത്. സ്‌ത്രീകളാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ സൗന്ദര്യബോധം, ആചാരാനുഷ്‌ഠാനങ്ങള്‍, ജീവിത സങ്കല്‍പ്പങ്ങള്‍, കലാകൗതുകം, സാമൂഹിക ബോധം, കായികാധ്വാനം, പ്രകൃതിസ്‌നേഹം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് നാടന്‍പാട്ടുകള്‍. പൂപ്പട തുള്ളല്‍, പാണപൊറാട്ട്, ഗദ്ദിക തുടങ്ങിയ കലാരൂപങ്ങള്‍ നാളെ അരങ്ങേറും. വയനാട് സ്വദേശി കരിയനും സംഘവുമാണ് ഗദ്ദിക അവതരിപ്പിക്കുന്നത്. കൊല്ലം സ്വദേശി രാജമ്മ അയ്യപ്പനും സംഘവും പൂപ്പട തുള്ളലും കണ്ണൂരിലെ മണ്ണൂര്‍ ചന്ദ്രനും സംഘവും പാണപൊറാട്ടും അവതരിപ്പിക്കും. വയനാട് ജില്ലയിലെ അടിയ സമുദായത്തിന്റെ അനുഷ്‌ഠാന മന്ത്രവാദ ചികിത്സാ കര്‍മമാണ് ഗദ്ദിക. പുരുഷന്മാരാണ് ഗദ്ദിക അവതരിപ്പിക്കുക.
മുഖ്യകാര്‍മികനായ ഗദ്ദികക്കാരന്‍ ശിവസ്‌തുതിയോടെ ആരംഭിക്കുമ്പോള്‍ സ്‌ത്രീവേഷധാരികളായ മറ്റു ഗദ്ദികക്കാര്‍ വട്ടത്തില്‍ ചുവടുകള്‍ വയ്‌ക്കുന്നു. ഗദ്ദിക, നാട്ടുഗദ്ദിക, പൂജാഗദ്ദിക എന്നിങ്ങനെ മൂന്നു വിധമാണുള്ളത്. അടിയഭാഷയിലുള്ള ഗാനങ്ങള്‍ക്കൊപ്പം തുടി, ചീനി എന്നീ അകമ്പടി വാദ്യങ്ങള്‍ ഉപയോഗിക്കുന്നു. സ്‌ത്രീകള്‍ വട്ടത്തില്‍ ഇരുന്ന് പൂക്കള്‍ വാരി മുകളിലേക്ക് എറിഞ്ഞ് തുള്ളുന്ന ചടങ്ങാണ് പൂപ്പടതുള്ളല്‍. പാലക്കാട് ജില്ലയിലെ പാണസമുദായക്കാരുടെ പുരാതന കലയാണ് പാണപൊറാട്ട്. നൃത്തസംഗീത ഹാസ്യനാടകമെന്നും ഇതിനെ പറയാം. പാണര്‍ കളിയെന്നും പൊറാട്ട്‌കളിയെന്നും ഇത് അറിയപ്പെടുന്നു.
from kerala news edited
via IFTTT