Story Dated: Friday, December 26, 2014 06:49
സുനാമി ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍ അകാലത്തില്‍ പൊലിഞ്ഞവരുടെ സ്വകാര്യ വസ്തുക്കള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാതെ നശിക്കുന്നു. തായ്‌ലന്‍ഡ് പോലീസിന്റെ കൈവശമാണ് സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ സ്വകാര്യ വസ്തുക്കളുള്ളത്. വാച്ച്, മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ പേഴ്‌സില്‍ ഉണ്ടായിരുന്ന കറന്‍സി നോട്ടുകള്‍ തുടങ്ങി നിരവധി വസ്തുവകകളാണ് മരണമഞ്ഞവരുടെ ഉറ്റവരെ കാത്തിരിക്കുന്നത്.
ഒരു കാര്‍ഗോ കണ്ടെയ്‌നര്‍ നിറയെ മരണമടഞ്ഞവരുടെ സ്വകാര്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുകയാണ്. തായ്‌ലന്‍ഡ് തീരത്ത് സുനാമിയില്‍ മരിച്ച നാനൂറിലധികം പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ സ്വകാര്യ വസ്തുക്കളാണ് ഇവ. തെക്കന്‍ തായ്‌ലന്‍ഡിലെ തക്വ പാ ജില്ലയിലെ പോലീസ് ആസ്ഥാനത്താണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ സംഘത്തിന് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത് ആദ്യമായി ഈ കണ്ടെയ്‌നര്‍ തുറന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ വസ്തുക്കള്‍ മാത്രമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് അധികൃതര്‍ കരുതിയിരുന്നത്.
എന്നാല്‍ കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ചില ഐ.ഡി കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബന്ധുക്കള്‍ എത്തിയാല്‍ ഇവ തിരികെ ഏല്‍പ്പിക്കുമെന്നും തായ് പേലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള തെരക്കില്‍ ബന്ധുക്കള്‍ അവരുടെ വസ്തുവകകള്‍ ഏറ്റെടുക്കാന്‍ വിട്ടുപോയതാകാമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. സുനാമിയില്‍ തായ്‌ലന്‍ഡില്‍ മാത്രം 5395 പേര്‍ മരിക്കുകയും 2932 പേരെ കാണാതാവുകയും ചെയ്തിരുന്നു. തിരിച്ചറിയപ്പെടാതെ നാനൂറ് മൃതദേഹങ്ങള്‍ അവശേഷിച്ചതില്‍ 24 മൃതദേഹങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബന്ധുക്കള്‍ എത്തി ഏറ്റെടുത്തിരുന്നു.
from kerala news edited
via IFTTT