121

Powered By Blogger

Thursday, 5 March 2015

രവീന്ദ്രന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം







രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരുംകൂടി തലേദിവസംതന്നെ ഗുരുവായൂര്‍ക്കു പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരുണ്ടെന്നറിഞ്ഞ് അതിരാവിലേ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തു.

ഗുരുവായൂരപ്പനെ കണ്ടു മടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. വടക്കുംനാഥന്റെ കമ്പോസിങ്ങിനു വേണ്ടി കാസര്‍കോടിനു പോയി അടുത്ത ദിവസം. കമ്പോസിങ്ങും കഴിഞ്ഞ് കോഴിക്കോട്ടുള്ള രാജശ്രീ സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ്ങും കഴിഞ്ഞ് എറണാകുളത്തു മടങ്ങിയെത്തി. ആയിടയ്ക്കു വന്ന രണ്ടു മൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ.

'ലജ്ജാവതിയേ' പോലൊരു പാട്ടു വേണമെന്നു വിവരമില്ലാത്ത ഒരു സംവിധായകന്‍ മനഃസാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.

സിനിമാസംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്കു മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്നു കരുതി കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പുണ്ടായിട്ടല്ല, കൂടെ രണ്ടു പാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു രവിയേട്ടന്റെ പക്ഷം.

സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല, അടുത്ത വര്‍ഷംമുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. അതിനുവേണ്ടി ആദ്യപടിയായി വളരെക്കാലമായി നിരുപദ്രവകാരിയായിട്ടിരുന്ന പൈല്‍സിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നു തീരുമാനിച്ചു. അമൃതാ ഹോസ്?പിറ്റലില്‍ പോയി നിസ്സാരമായ ഒരോപ്പറേഷനിലൂടെ അതു പരിഹരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഫുള്‍ ചെക്കപ്പിനു വിധേയനായി. അറുപതു വയസ്സുവരെ ഒരു പനിപോലും വന്ന് ഹോസ്?പിറ്റലില്‍ കിടക്കേണ്ടിവന്നിട്ടില്ല രവിയേട്ടന്. ചെക്കപ്പും നടത്തിയിട്ടില്ല.


ഷുഗറില്ല, പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇ.സി.ജി നേര്‍മല്‍. മാഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിത്തന്നു. എന്നിട്ടൊരുപദേശവും കൊടുത്തു. ഇനിയും അനേകവര്‍ഷങ്ങള്‍ രവീന്ദ്രസംഗീതം ഞങ്ങള്‍ക്കെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ നിങ്ങള്‍ക്ക് അറുപതാംവയസ്സിലും പൂര്‍ണ്ണ ആരോഗ്യം തന്നിരിക്കുന്നത്. എന്നാലും പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുമെന്നതിനാല്‍ ആഹാരാദികളിലും മറ്റു ശീലങ്ങളിലുമെല്ലാം നിയന്ത്രണം പാലിക്കണം. ഡോക്ടര്‍മാരുടെ ഉപദേശവും കേട്ട് സന്തോഷത്തോടെ വീട്ടിലെത്തി.

രവിയേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. രവിപുരത്തുള്ള സംഗീതഹാളില്‍ തംബുരു വാങ്ങാന്‍ ചെന്ന രവിയേട്ടനെ അവര്‍ ആദരവോടെ സ്വീകരിച്ചു. സംഗീതക്കച്ചേരി ചെയ്തു ഞങ്ങളെയൊക്കെ ആസ്വദിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞ് കടയുടമ ശ്രീകുമാര്‍ വില വാങ്ങാന്‍ കൂട്ടാക്കിയില്ല.


വളരെ കാര്യമായിത്തന്നെ ഒരു സുപ്രഭാതത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. നേരത്തേ ആലോചിച്ചുവെച്ചിരുന്ന പ്രകാരം രമേശന്‍നായരും രവിയേട്ടനുംകൂടി െ്രെപവറ്റ് ആല്‍ബത്തിനു വേണ്ടിയുള്ള പണിയും തുടങ്ങി. രവിയേട്ടന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലം വാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി. എഫ്.സി. ബാങ്കുകാരുമായി ലോണിനുവേണ്ടി ധാരണയുണ്ടാക്കി.


ആലോചനകള്‍ നമ്മുടേതും തീരുമാനം ഭഗവാന്റേതുമാണെന്ന് മനസ്സിലാക്കാതെ പുതിയപുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്തു വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ചുള്ള 'ശിവം ശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ചുമയും കഫക്കെട്ടുമുണ്ടായിരുന്നിട്ടും ചികിത്സ ചെയ്തില്ല. തനിയേ മാറിക്കൊള്ളുമെന്നു കരുതി കാത്തിരുന്നു. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ടു പാടാമെന്നു കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ത്തന്നെ പാടി. വളരെ മനോഹരമായി ഒറ്റടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റു റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല.


നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലേ റിക്കോര്‍ഡ് ചെയ്ത മുന്നൂ പാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു. രവിയേട്ടനു നന്നായി ബോധിച്ചു പാട്ടുകള്‍.


മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു. ഭാവിയില്‍ നല്ലൊരു സംഗീതസംവിധായകനെ ഇവനില്‍നിന്നും പ്രതീക്ഷിക്കാമെന്ന് വളരെ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു. സാജു തെലുങ്കുപടത്തിനു കിട്ടിയ ശമ്പളത്തില്‍നിന്നും നല്ലൊരു മൊബൈല്‍ ഫോണ്‍ അച്ഛനു വാങ്ങി സമ്മാനിച്ചു. എനിക്ക് മനോഹരമായ ഒരു സാരിയും കൊണ്ടുവന്നിരുന്നു.


അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍. മക്കളുമൊത്തുള്ള അവസാനത്തെ ആഘോഷമാണെന്നറിയാതെ രാത്രി മുഴുവന്‍ മക്കളോടൊത്ത് ഹിന്ദി സിനിമ ദേവദാസും കണ്ടിരുന്നു.

പുതുവത്സരത്തില്‍ എല്ലാവരും ഒന്നിച്ചുണ്ടായിരിക്കണമെന്നത് മുന്‍പേ രവിയേട്ടനുള്ള നിര്‍ബന്ധമാണ്. പുറത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കൊന്നും രവിയേട്ടന്‍ പോവില്ല. വര്‍ക്ക് സംബന്ധമായി മറ്റെവിടെയെങ്കിലുമാണെങ്കില്‍പ്പോലും ന്യൂഇയറില്‍ വീട്ടിലെത്തും. 2004ല്‍ ആ പതിവ് ആദ്യമായി തെറ്റി. മക്കള്‍ ചെന്നൈയിലും ഞങ്ങള്‍ രണ്ടും വടക്കുംനാഥന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു മഹാറാണിയിലുമായി. വളരെ സങ്കടപ്പെട്ട് രവിയേട്ടന്‍ ഡയറിയിലിങ്ങനെ എഴുതിവെച്ചു. 'മക്കളില്ലാത്ത ആദ്യത്തെ നവവത്സരം. ഞാനും എന്റെ ശോഭയും മാത്രം.' ഇതു വായിക്കാനിടയായ മക്കള്‍ അന്നേ തീരുമാനിച്ചു, ഇനിയൊരിക്കലും അച്ഛനെ വിഷമിപ്പിക്കരുത.











from kerala news edited

via IFTTT