121

Powered By Blogger

Thursday, 5 March 2015

ജോര്‍ജിന്റെ ബോംബുകള്‍ പുറത്ത്; ഡി.ജി.പിക്കു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചത് കൃഷ്ണമൂര്‍ത്തി









Story Dated: Friday, March 6, 2015 11:30



mangalam malayalam online newspaper

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടുവെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കത്തും സി.ഡിയും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ തെളിവുകളാണ് പുറത്തുവന്നത്. മുന്‍ ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തി തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെ വിളിച്ചതിന്റെ ശബ്ദരേഖയാണ് സി.ഡിയിലുള്ളത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സംഭാഷണം. കൃഷ്ണമൂര്‍ത്തി ശാസനയുടെ സ്വരത്തിലാണ് ജേക്കബ് ജോബിനോട് സംസാരിച്ചത്. താന്‍ സ്വാമിക്ക് (ഡി.ജി.പി) വേണ്ടിയാണ് സംസാരിക്കുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. ഞങ്ങള്‍ പറയുന്നതൊന്നും നടക്കുന്നില്ലല്ലോ. പ്രമുഖ വസ്ത്രവ്യാപാരിയും സ്വാമിയും തമ്മിലുള്ള ബന്ധം അറിയാമല്ലോ. വ്യാപാരിക്കും ഡി.ജി.പിക്കും താല്‍പര്യമുള്ള ആളാണ് നിഷാം. കാപ്പ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്ന് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.


ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് ആസ്ഥാനത്തെ ഡി.ജി.പിയായിരുന്നു കൃഷ്ണമൂര്‍ത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച കൃഷ്ണമൂര്‍ത്തിക്ക് കഴിഞ്ഞ മന്ത്രിസഭയോഗത്തില്‍ പുതിയ ചുമതലയും നല്‍കിയിരുന്നു.


പോലീസ് അസോസിയേഷന്‍ യോഗത്തിനായി തൃശൂരില്‍ എത്തിയ ഡി.ജി.പി ബാലസുബ്രഹ്മണ്യം മൂന്നു ദിവസം തങ്ങിയത് ഒരു പ്രമുഖ വസ്ത്ര-സ്വര്‍ണ-വജ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികളില്ലാതെ എന്തിനാണ് ഡി.ജി.പി തൃശൂര്‍ തങ്ങിയത്. തന്റെ സന്ദര്‍ശനം പോലീസിനെ അറിയിക്കേണ്ട ഡി.ജി.പി അക്കാര്യം സിറ്റി പോലീസ് കമ്മിഷണറെ പോലും അറിയിച്ചില്ല.


മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഡി.ജി.പി നടത്തിയ മറ്റ് ഇടപാടുകളുടെ തെളിവുകളും ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടര കോടിയുടെ തട്ടിപ്പ് കേസിലും ഡി.ജി.പി ഇടപെട്ടു. വൈദീശ്വരന്‍ എന്നയാളുടെ കേസിലാണ് ഇടപെട്ടത്. ഇതില്‍ വൈദീശ്വരനു അനുകൂലമായ നടപടി സ്വീകരിക്കാന്‍ ജേക്കബ് ജോബിനോട് ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹം വഴിവിട്ട് സഹായിച്ചില്ല. തന്റെ ഉത്തരവ് നടപ്പാക്കാത്ത ജേക്കബ് ജോബിനോട് ഡി.ജി.പിക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കുന്നു.


വന്‍കിട വ്യവസായികളും വന്‍ പണച്ചാക്കുകളും കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു. ഏഴു കോടി രൂപയോളം ഈ കേസിനായി വിവിധ കൈകളിലേക്ക് പോയിട്ടുണ്ട്. രാഷ്ട്രീയ പോലീസ് ഉന്നതര്‍ ഇതില്‍ ഇടപെട്ട് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നൂം ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഡി.ജി.പി, പേരാമംഗംലം സി.ഐ ബിജു കുമാര്‍, അദ്ദേഹത്തിന്റെ കീഴിലുള്ള ചില ഓഫീസര്‍ എന്നിവരുടെ പേര് പി.സി ജോര്‍ജ് മുഖ്യമന്ത്രിയ്ക്കു നല്‍കിയ കത്തില്‍ എടുത്തു പറയുന്നു. എന്നാല്‍ കേസില്‍ കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ ആറു കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന മുന്‍ ആരോപണം ജോര്‍ജ് ഇവിടെ ആവര്‍ത്തിച്ചിട്ടില്ല.


ചന്ദ്രബോസിന്റെ കൊലയാളി നിഷാമിനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത് പേരാമംഗലം സി.ഐയുടെ മിടുക്ക് അല്ല. അന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ഡ്യൂട്ടിയിലുള്ള ഗുരുവായൂര്‍ സി.ഐയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കില്‍ മറ്റ് 12 കേസുകളില്‍ രക്ഷപ്പെട്ടതുപോലെ ഈ കേസിലും നിഷാം രക്ഷപ്പെടുമായിരുന്നുവെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.


അതേസമയം, ഒരു സാമൂഹ്യ വിരുദ്ധനു വേണ്ടിയും താന്‍ ഇടപെട്ടിട്ടില്ലെന്ന് എം.എന്‍ കൃഷ്ണമൂര്‍ത്തി ഒരു ചാനലിനോട് പ്രതികരിച്ചു. നിഷാമുമായും തനിക്ക് ഒരു ബന്ധമില്ല. ചിലര്‍ വെറുതെ കഥയുണ്ടാക്കുകയാണ്. സംശയമുള്ളവര്‍ക്ക് തന്റെ മൊബൈല്‍ പരിശോധിക്കാഗ. നിഷാമിനു വേണ്ടി ആരെയും വിളിച്ചിട്ടില്ല. ജേക്കബ് ജോബ് സസ്‌പെന്‍ഷനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ നടത്തിയ സംഭവഷണത്തില്‍ എന്തെങ്കിലും കൃത്രികം കാട്ടിയതാകാമെന്നും കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു.










from kerala news edited

via IFTTT