Story Dated: Friday, March 6, 2015 08:11
ദിമാപൂര്‍: നാഗാലാന്റിലെ ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിക്രമിച്ചു കയറിയ ജനക്കൂട്ടം ബലാത്സംഗ കേസ് പ്രതിയെ ജയിലിനു പുറതേത്തക്ക് വലിച്ചിഴച്ച ശേഷം അടിച്ചുകൊന്നു. സംഭവത്തെ തുടര്‍ന്ന് ദിമാപൂര്‍ ടൗണില്‍ പോലീസ് നിരോധാജ്‌ഞ പ്രഖ്യാപിച്ചു.
വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ ജനാവലി സുരക്ഷാ ഉദ്യോഗസ്‌ഥരെ ബലപ്രയോഗത്തിലൂടെ മറികടന്ന് ജയിലില്‍ കടന്നത്. ഇവര്‍ ബലാത്സംഗ കേസിലെ പ്രതിയായ സയ്‌ദ് ഫരിദ് ഖാന്‍ എന്ന ബംഗ്ലാദേശി കുടിയേറ്റക്കാരനെ ജയിലിനു പുറത്തേക്ക് വലിച്ചിഴച്ചു. നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച ഇയാളെ സിറ്റി ക്ലോക്ക് ടവര്‍ ഏരിയയിലേക്ക് ഏഴ് കിലോമീറ്ററുകളോളം വലിച്ചിഴച്ച. ഇതിനൊപ്പം ജനങ്ങള്‍ ഇയാളെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ആക്രമണത്തിനിടെ ഇയാള്‍ ചലനമറ്റനിലയിലാവുകയായിരുന്നു.
ഫരിദ് ഖാന്റെ മൃതദേഹം നീക്കം ചെയ്യാനെത്തിയ റിസര്‍വ് പോലീസിനു നേര്‍ക്കും ജനക്കൂട്ടം കല്ലേറു നടത്തി. ഉപയോഗിച്ച കാറുകളുടെ കച്ചവടം നടത്തിയിരുന്ന ഇയാളുടെ വ്യാപാര സ്‌ഥാപനവും വീടും ജനക്കൂട്ടം തകര്‍ത്തു. മറ്റ് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നിട്ടുണ്ട്.
ഫരിദ് ഖാന്‍ പ്രദേശത്തെ വനിതാ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് ആരോപണം. ഫെബ്രുവരി 24 നടന്ന സംഭവത്തില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാഗാ സ്‌റ്റുഡന്റ് ഫെഡറേഷന്‍ രംഗത്തുവന്നിരുന്നു.
കൊലപാതക രംഗങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നാഗാലാന്റ് മുഖ്യമന്ത്രി ടി ആര്‍ സിലിയാങ് ആവശ്യപ്പെട്ടു.
from kerala news edited
via IFTTT