Story Dated: Thursday, March 5, 2015 02:51
പാലക്കാട്: മാര്‍ച്ച് 16 മുതല്‍ 22 വരെ ജില്ലാതല കുടിവെള്ള-ശുചിത്വ വാരാഘോഷം നടത്താന്‍ ജില്ലാശുചിത്വ സമിതി യോഗം തീരുമാനിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ തലത്തില്‍ വിവിധ പരിപാടികളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികള്‍, കിറ്റിഷോ, ശില്‍പ്പശാല, റാലി, എന്നിവയും സംഘടിപ്പിക്കും. 13 ബ്ലോക്കുകളിലും ആശയ-പ്രചാരണ പരിപാടികള്‍ നടത്തും. ജില്ലയില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ശൗചാലയങ്ങളുടെ അഭാവത്തില്‍ പരിസര മലിനീകരണം ഉണ്ടാക്കുന്നത് തടയാന്‍ തൊഴില്‍ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അട്ടപ്പാടി കോളനികളില്‍ കക്കൂസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മൂലം രോഗങ്ങള്‍ പകരുന്നതിനെതിരെ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഐ.എ.വൈ ഭവന പദ്ധതി ഗുണഭോക്‌താക്കള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിനായി സ്വച്‌ഛ്ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15,400 രൂപ ശുചിത്വമിഷനില്‍ നിന്നും നല്‍കാനും യോഗത്തില്‍ തീരുമാനമായി. ശുചിത്വമിഷന്റെ 2014-15 വര്‍ഷത്തെ ഇതുവരെ പദ്ധതികളുടെ വരവ് ചെലവ് കണക്കുകള്‍ യോഗത്തില്‍ അംഗീകരിച്ചു.
ജില്ലാ കലക്‌ടര്‍ പി. മേരിക്കുട്ടി ഐസക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, വൈസ് പ്രസിഡന്റ് സുബൈദ ഇസഹാഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക്കുമാര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. രവീന്ദ്രന്‍, അസിസ്‌റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബാബു തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT