Story Dated: Thursday, March 5, 2015 04:00
നാഗ്‌പൂര്‍: സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി അധികൃതരെ ഞെട്ടിക്കാന്‍ ശ്രമിച്ച മന്ത്രിയെ ഞെട്ടിച്ച് സ്‌കൂള്‍ അധികൃതര്‍. മഹാരാഷ്‌ട്രയിലെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്‌കൂളിലെ സന്ദര്‍ശനമാണ് സാമൂഹിക നീതിവകുപ്പ് മന്ത്രി രാജ്‌കുമാര്‍ ബദോലെയെ ഞെട്ടിച്ചത്. മന്ത്രിയെ സ്വീകരിക്കാന്‍ സ്‌കൂളിലുണ്ടായിരുന്നത് കുറേ ബഞ്ചും ഡസ്‌കും മാത്രം.
നാഗ്‌പൂരിന് സമീപത്തെ ആശ്രയ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ബുധനാഴ്‌ചയാണ് സംഭവം. സ്‌കൂളിലെ സാഹചര്യങ്ങള്‍ വിലയരുത്തുക എന്ന ലക്ഷ്യമായിരുന്നു മന്ത്രിയു െസന്ദര്‍ശനത്തിന് പിന്നില്‍. അധികൃതരെ മുന്‍കൂട്ടി അറിയിക്കാതെ സ്‌കൂളിലെത്തിയ മന്ത്രി അവിടെ കണ്ടത് ഒഴിഞ്ഞ കുറച്ച് ക്ലാസ് മുറികള്‍ മാത്രം. മാനസിക വൈകല്യമുള്ള 80ഓളം കുട്ടികളും ഇവരെ നിയന്ത്രിക്കാന്‍ 25ഓളം അധ്യാപകരും മറ്റ് ജീവനക്കാരുമുണ്ടെന്ന് അവകാശപ്പെടുന്ന സ്‌കൂളില്‍ മന്ത്രിക്ക് ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ മന്ത്രി നേരിട്ടു നടത്തിയ അന്വേഷണത്തില്‍ കുട്ടികളും അധ്യാപകരും അവധിയിലാണെന്നു കണ്ടെത്തി. എന്നാല്‍ സ്‌കൂള്‍ രേഖകള്‍ കിറുക്രിത്യമെന്നതും മന്ത്രിയെ ഞെട്ടിച്ചു.
സമീപത്തു തന്നെയുള്ള മറ്റൊരു സ്‌കൂളിലും മന്ത്രി സമാന സന്ദര്‍ശനം നടത്തി. രേഖകളില്‍ 50 കുട്ടികളുള്ള സ്‌കൂളില്‍ മന്ത്രിക്ക് കണ്ടെത്താനായത് വെറും 12 കുട്ടികളെ മാത്രം. മാസനിക വൈകല്യമുള്ളവര്‍ക്കായി മഹാരാഷ്‌ട്രയില്‍ 120 ഓളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. സന്ദര്‍ശനം നടത്തിയ സ്‌കൂളുകളുടെ അവസ്‌ഥ തന്നെയാണോ മറ്റ് സ്‌കൂളുകളിലുമെന്ന് താന്‍ നേരിട്ട് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് സ്‌കൂളുകളുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നതായും ആക്ഷേപങ്ങളുണ്ട്.
from kerala news edited
via IFTTT