Story Dated: Thursday, March 5, 2015 05:13
ചിറയിന്‍കീഴ്: റെയില്‍വേ ക്രോസുകളില്‍ കാത്തുകിടന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കുറേക്കാലം കൂടി അതേ സ്‌ഥിതിയില്‍ തുടരേണ്ടി വരുമെന്ന് ശാര്‍ക്കര-മഞ്ചാടിമൂട് ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയാല്‍ മനസിലാകും. ചിറയിന്‍കീഴ്, അഴൂര്‍, കഠിനംകുളം, പെരുമാതുറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശാര്‍ക്കര, മഞ്ചാടിമൂട് റെയില്‍പാതക്ക് സമാന്തരമായി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത്. ബൈപ്പാസ് വന്നാല്‍ ശാര്‍ക്കര, മഞ്ചാടിമൂട് റെയില്‍വേ ഗേറ്റുകളിലെ കാത്തുകിടപ്പ് ഒഴിവാക്കി ജനങ്ങള്‍ക്ക് ചിറയിന്‍കീഴിലേക്കും മറ്റും വരുന്നതിനും പോകുന്നതിനും സാധിക്കും.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികളുമായിവരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റെയില്‍വേ ഗേറ്റുകളില്‍ കുരുങ്ങിക്കിടക്കുന്നതുമുലമുണ്ടായ ദയനീയ സംഭവങ്ങള്‍ നിരവധിയാണ്. ഈ ദുരിതാവസ്‌ഥക്ക് പരിഹാരം കാണുന്നതിനായിട്ടാണ് ബൈപ്പാസ് റോഡ് പദ്ധതി തയാറാക്കിയത്. ഒരു കിലോമീറ്റര്‍ നീളത്തില്‍ 15 മീറ്റര്‍ വീതിയില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി 2013ല്‍ സ്‌ഥലമെടുപ്പ് തുടങ്ങിയെങ്കിലും ഇതു ഇനിയും പൂര്‍ണമായിട്ടില്ല.
ബൈപ്പാസിന്റെ ഭാഗമായി ചെറിയ പാലവും പണിയേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചാല്‍ മാത്രമേ കരാര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. ഇതോടൊപ്പം പുതുക്കിയ എസ്‌റ്റിമേറ്റ് തുകയായ 7.52 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കണം. ഇതിനു ആറുമാസമായി കാത്തിരിപ്പു തുടരുകയാണ്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ മാത്രമേ ബൈപ്പാസ് യാഥാര്‍ഥ്യമാകുകയുള്ളൂവെന്നും സര്‍ക്കാര്‍ തുക എന്ന് കിട്ടുമെന്നറിയാത്ത സ്‌ഥിതിയില്‍ പാതയ്‌ക്കായി ഏറ്റെടുത്ത സ്‌ഥലം പ്രയോജനപ്പെടുത്തി താല്‍ക്കാലിക റോഡുണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും നേരത്തെ അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ചായിരിക്കും ഇതു നടപ്പാക്കുകയെന്നും ചിറയിന്‍കീഴ് എം.എല്‍.എ. വി. ശശി അറിയിച്ചു. സ്‌ഥിരം ബൈപ്പാസ് നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള ശ്രമവും ഇതോടൊപ്പം തുടരുന്നതാണെന്ന് അദ്ദേഹം മംഗളത്തോട് പറഞ്ഞു.
from kerala news edited
via IFTTT