Story Dated: Thursday, March 5, 2015 02:51
കുഴല്‍മന്ദം: വയലേലകള്‍ കൊയ്‌ത്തു യന്ത്രങ്ങള്‍ക്ക് കീഴ്‌പ്പെട്ടതോടെ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അന്യമായ വൈക്കോല്‍ സമൃദ്ധി പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. ഇത്തവണ രണ്ടാംവിള കൊയ്‌ത്തു സജീവമായതോടെ കര്‍ഷക വീടുകളില്‍ വൈക്കോല്‍ സമൃദ്ധിയും വ്യാപകമാവുകയാണ്. വയലേലകളില്‍ വച്ചുതന്നെ ചുരുട്ടിക്കെട്ടുന്ന വൈക്കോലാണ് കര്‍ഷകരുടെ വീടുകളിലെത്തുന്നത്. കൊയ്‌ത്ത് യന്ത്രത്തെ പോലെ വൈക്കോല്‍ ചുരുട്ടുയന്ത്രവും കര്‍ഷകര്‍ക്കിടയില്‍ പ്രിയമേറുകയാണ്.
കഴിഞ്ഞ സീസണിലാണ് വൈക്കോല്‍ ചുരുട്ടുയന്ത്രം മേഖലയില്‍ എത്തിയിയിരുന്നത്. അപൂര്‍വ്വം ചില കര്‍ഷകരാണ് കഴിഞ്ഞ സീസണില്‍ വൈക്കോല്‍ ചുരുട്ടിക്കെട്ടുന്ന യന്ത്രത്തെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൊയ്‌ത്തു തുടങ്ങുംമുമ്പേ ഇടനിലക്കാര്‍ കര്‍ഷകരെ സമീപിച്ചു വൈക്കോല്‍ ചുരുട്ടുയന്ത്രം വയലേലകളില്‍ ഇറക്കുന്നതിനു അനുമതി തേടുകയായിരുന്നു. വൈക്കോല്‍ ആവശ്യമില്ലാത്ത കര്‍ഷകരില്‍ നിന്നും ഇടനിലക്കാര്‍ മൊത്തമായി വാങ്ങിയെടുക്കുന്നത്തിനുള്ള ശ്രമവും സജീവമാക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ യന്ത്ര സഹായത്തോടെ ചുരുട്ടിയെടുക്കുന്ന വൈക്കോല്‍ മറ്റു ജില്ലകളിലേക്ക് കടത്തുന്നതിനും സൗകര്യമേറെയാണ്. കൊയ്‌ത്തുയന്ത്രം ഉപയോഗിക്കുന്ന കര്‍ഷകര്‍ വിളവെടുപ്പിനു ശേഷം വൈക്കോല്‍ വയലുകളിലിട്ടു കത്തിച്ചു കളയുകയായിരുന്നു ഇതുവരെയുള്ള പതിവുകള്‍. എന്നാല്‍ വൈക്കോല്‍ ചുരുട്ടുന്ന യന്ത്രം എത്തിയതോടെ ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്തുകയാണ് കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള മേഖലയില്‍ വൈക്കോല്‍ യന്ത്രമെത്തിയതോടെ അവര്‍ക്കും വലിയ ആശ്വാസമാവുകയാണ്. അടുത്ത കൊയ്‌ത്തു വരെ ആവശ്യമായ വൈക്കോല്‍ വാങ്ങി ശേഖരിക്കുന്നതിനും ഇപ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നില്ല. രണ്ടാം വിളയ്‌ക്കുള്ള വൈക്കോലാണ് നാശം വരാതെ കൂടുതല്‍ കാലം സൂക്ഷിച്ചു വയ്‌ക്കാനാവുക. അതുകൊണ്ടുതന്നെ വൈക്കോലിന്റെ കരുതല്‍ ശേഖരം കാര്യക്ഷമമാക്കാനും ക്ഷീരകര്‍ഷകര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നുതന്നെയാണ് വൈക്കോല്‍ ചുരുട്ടുയന്ത്രവും എത്തിക്കുന്നത്. ട്രാക്‌ടറില്‍ പ്രത്യേകമായി ഘടിപ്പിക്കാവുന്ന സംവിധാനമാണ് വൈക്കോല്‍ ചുരുട്ടുയന്ത്രത്തിനുള്ളത്. ആവശ്യം കഴിഞ്ഞാല്‍ ട്രാക്‌ടര്‍ മറ്റു കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. നിലവില്‍ ഒരു കെട്ട് വൈക്കോല്‍ ചുരിട്ടികെട്ടി നല്‍കുന്നതിനു 30 രൂപയാണ് നിരക്ക്.
from kerala news edited
via IFTTT