Story Dated: Friday, March 6, 2015 02:55
കോഴിക്കോട് : ജില്ലയില്‍ എച്ച്‌വണ്‍ എന്‍ വണ്‍ പടരുന്നു. രണ്ടു മാസത്തിനുള്ളില്‍ 11 പേര്‍ക്കാണു എച്ച്.വണ്‍ എന്‍. വണ്‍ രോഗബാധ സ്‌ഥിരീകരിച്ചത്. ഈ മാസം നാലുപേര്‍ക്കാണ് സ്‌ഥിരീകരിച്ചത്. മറ്റുള്ള ഏഴ് പേര്‍ക്കു രോഗം പിടിപെട്ടത് കഴിഞ്ഞമാസമായിരുന്നു.
എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരേ സംസ്‌ഥാനത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗ ലക്ഷണവുമായെത്തുന്നവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരായ ഗുളിക നല്‍കണമെന്ന് ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പ്രാരംഭ ഘട്ടത്തില്‍ തന്നെ പരിശോധന നടത്തുന്നതിലൂടെ രോഗം പൂര്‍ണമായും നിയന്ത്രിക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 2011-12 ലാണ് സംസ്‌ഥാനത്ത് ഏറ്റവും ഭീതി ജനകമായ രീതിയില്‍ എച്ച് വണ്‍ എന്‍ വണ്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്‌തത്. ജൂണ്‍ മാസത്തിലാണ് സാധാരണ എന്‍ വണ്‍ എച്ച് വണ്‍ പനി ഉണ്ടാവാറുള്ളത്.
എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്‌ഥിരീകരിക്കുന്നത് തൊണ്ടയില്‍ നിന്നു ശേഖരിക്കുന്ന ശ്രവത്തിന്റെ പരിശോധനയിലൂടെയാണ്. ഇതിനുള്ള സൗകര്യം കേരളത്തിലില്ലാത്തതിനാല്‍ മണിപ്പാലിലെ കസ്‌തൂര്‍ബാ മെഡിക്കല്‍ സെന്ററിലാണ് പരിശോധന. സാമ്പിള്‍ അയച്ചുകൊടുത്താല്‍ ഒരു ദിവസത്തിനു ശേഷം ഫലം ലഭിക്കും. തുടര്‍ന്ന് വിദഗ്‌ധ ചികിത്സ നല്‍കാനാവും.
ഒസാള്‍ട്ടാമിവിര്‍ ഗുളികയാണ് ഇതിനെതിരെ ഫലപ്രദമായി ഉപയോഗിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ സാധാരണ പ്രതിരോധ മരുന്നുകളും അസുഖം സ്‌ഥിരീകരിച്ചാല്‍ ഒസാള്‍ട്ടാമിവിര്‍ ഗുളികകളുമാണു നല്‍കുന്നത്. ഈ ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ലഭ്യമാണ്. മുതിര്‍ന്നവര്‍ക്കു ഒരാഴ്‌ചകൊണ്ടും കുട്ടികള്‍ക്കു രണ്ടാഴ്‌ച കൊണ്ടും രോഗം പൂര്‍ണമായും മാറും.
ലക്ഷണങ്ങള്‍
സാധാരണ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയുടെയും തുടക്കം. പിന്നീട് കടുത്ത ചുമ, കഫക്കെട്ട്, തലവേദന, ശരീരവേദന എന്നിവയുണ്ടാവും. പനി ന്യുമോണിയായി മാറാനുള്ള സാധ്യതയും ഏറെയാണ്.
മുന്നറിയിപ്പ്
എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ചികില്‍സ തേടാന്‍ വൈകരുത്. രോഗികളെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവരും അതീവശ്രദ്ധപുലര്‍ത്തണം. രോഗി ഉപയോഗിച്ച തുണികളോ പാത്രങ്ങളോ ഉപയോഗിക്കരുത്. ചികിത്സ വൈകുന്നതും സ്വയം ചികിത്സിക്കുന്നതും അപകടകാരണമായേക്കാം. പനിയുണ്ടെങ്കില്‍ ഒരാഴ്‌ചയെങ്കിലും വിശ്രമം അത്യാവശ്യമാണ്. വായുവിലൂടെ പകരുന്ന രോഗമാണ് എച്ച് വണ്‍ എന്‍ വണ്‍ എന്നതിനാല്‍ രോഗികള്‍ പുറത്തിറിങ്ങാതിരിക്കണം. രോഗപ്പകര്‍ച്ച തടയുന്നതിന് തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും പൊത്തുകയും കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും വേണം. രോഗികളെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവരും അതീവശ്രദ്ധ പുലര്‍ത്തണം. രോഗി ഉപയോഗിച്ച തുണികളോ പാത്രങ്ങളോ ഉപയോഗിക്കരുത്. കുട്ടികളുള്ള വീടുകളിലുള്ള രോഗികള്‍ ജാഗ്രത പുലര്‍ത്തണം. ഗര്‍ഭിണികളിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും അപകട സാധ്യത കൂടുതലാണ്.
from kerala news edited
via IFTTT