ഇത്തിഹാദ് റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് 70 കോടി ദിര്‍ഹം
Posted on: 06 Mar 2015
2020-ല്‍ ജി.സി.സി. റെയില്‍ പൂര്‍ത്തിയാകും
അബുദാബി:
ജി.സി.സി. രാജ്യങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തിഹാദ് െറയില്‍ പദ്ധതിയുടെ രണ്ടാംഘട്ട പാതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയെന്നോണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവണ്‍മെന്റ് 70 കോടി ദിര്‍ഹം വകയിരുത്തിയതായി പൊതുമരാമത്ത് മന്ത്രി അബ്ദുള്ള ബെല്‍ ഹൈഫ് അല്‍ നുഐമി അറിയിച്ചു. 17, 18 തീയതികളില്‍ ദുബായില്‍ നടക്കാനിരിക്കുന്ന മിന റെയില്‍ കോണ്‍ഫ്രന്‍സിന്റെ മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഷാഹ്, ഹബ്ഷാന്‍ മുതല്‍ അബുദാബി റുവൈസ് വരെയുള്ള ആദ്യഘട്ട പാതയുടെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ട പാതയുടെ തുടര്‍ച്ചയായി 628 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അബുദാബി മുസഫ, ഖലീഫ പോര്‍ട്, ദുബായ് ജബല്‍ അലി തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടാണ് രണ്ടാംഘട്ട പാത നിര്‍മിക്കുന്നത്. സൗദി, ഒമാന്‍ അതിര്‍ത്തികളും പാതയുമായി ബന്ധിപ്പിക്കും. 4.7 ബില്യന്‍ ദിര്‍ഹമാണ് െചലവ് പ്രതീക്ഷിക്കുന്നത്.
കുവൈത്ത് മുതല്‍ ഒമാന്‍ വരെ നീളുന്ന ജി.സി.സി. റെയില്‍പ്പാതയുടെ നീളം 2,100 കിലോമീറ്ററായിരിക്കും. 20 ബില്ല്യന്‍ ഡോളറാണ് പ്രതീക്ഷിക്കുന്ന െചലവെങ്കിലും 30 ബില്ല്യന്‍ വരെ ഉയരാനും സാധ്യതയുണ്ട്. 2020-ഓടെ ജി.സി.സി. റെയില്‍പ്പാത പൂര്‍ത്തിയാകുമെന്നും ഡോ. അബ്ദുല്ല ബെല്‍ഹൈഫ് പറഞ്ഞു. 2018-ല്‍ തന്നെ യു.എ.ഇ.യുടെയും സൗദിയുടെയും ആഭ്യന്തര പാതകള്‍ പൂര്‍ത്തിയാകും. യു.എ.ഇ.യുടെത് നിശ്ചയിച്ചതിലും നേരത്തെ ലക്ഷ്യം കാണുംവിധമാണ് പുരോഗമിക്കുന്നത്. എങ്കിലും 2020 ആണ് അന്തിമ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്.
വിമാനത്താവളങ്ങളുടെ മാതൃകയിലുള്ള ഇമിഗ്രേഷന്‍ പരിശോധനകളാണ് റെയില്‍വേ സ്റ്റേഷനുകളിലും നടക്കുകയെന്നും ഇത്തിഹാദ് റെയിലുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രെയിനില്‍ കയറുന്ന സ്റ്റേഷനുകളിലും ഇറങ്ങുന്ന സ്റ്റേഷനുകളിലുമാണ് ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ നടക്കുക. രാജ്യങ്ങളുടെ അതിര്‍ത്തികളില്‍വെച്ചുള്ള പരിശോധനകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. യാത്രാ തീവണ്ടികള്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടും. എന്നാല്‍, ചരക്കുതീവണ്ടികള്‍ 120 കിലോമീറ്ററോ അതില്‍ താഴെയോ ഉള്ള വേഗതയിലേ ഓടിക്കൂ.
from kerala news edited
via IFTTT